sidharth

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി.ബി.ഐ ആസ്ഥാനം, തിരുവനന്തപുരത്തെ സി.ബി.ഐ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ അഭിപ്രായം തേടും. എസ്.പിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ യൂണിറ്റാണ് ഇത്തരം കേസുകൾ അന്വേഷിക്കുന്നത്.

ഈ കേസ് സി.ബി.ഐ അന്വേഷിക്കേണ്ട പ്രാധാന്യമുള്ളതാണോ എന്നാണ് ചെന്നൈയിലെ ജോയിന്റ് ഡയറക്ടർ വഴി, തിരുവനന്തപുരത്തെ യൂണിറ്റിനോട് ആരായുക. ഇവിടെ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും കേസന്വേഷണം ഏറ്റെടുക്കുന്നതിൽ സി.ബി.ഐ ആസ്ഥാനം തീരുമാനമെടുക്കുക. കേസന്വേഷണം ഏറ്റെടുക്കണമെന്ന സർക്കാരിന്റെ വിജ്ഞാപനവും കേസ് രേഖകളും സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിൽ കേന്ദ്രത്തിന്റെ തീരുമാനവും നിർണായകമാണ്.

വയനാട്ടിലെ കേസിൽ 22 പ്രതികളും പിടിയിലായിട്ടുണ്ട്. വാഴ്സിറ്റി അധികൃതരുടെ പങ്ക്, അക്രമത്തിനു പിന്നിലെ ഗൂഢാലോചന, ആൾക്കൂട്ട ആക്രമണം എന്നിവയെക്കുറിച്ച് സി.ബി.ഐയ്ക്ക് അന്വേഷിക്കാവുന്നതേയുള്ളൂ. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷ, അന്വേഷണത്തിന്റെ നാൾവഴി, മഹസർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതമാണ് വിജ്ഞാപനം കേന്ദ്രത്തിന് കൈമാറിയത്.