തിരുവനന്തപുരം : നഗരത്തിൽ മുട്ടടയിൽ ഒരേ സ്ഥലത്ത് തുടർച്ചയായി പൈപ്പ് പൊട്ടുന്നത് ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ. അമ്പലംമുക്ക് പരുത്തിപ്പാറ റോഡിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നതും ജലവിതരണം തടസപ്പെടുന്നതും ജനങ്ങളെ വലയ്ക്കുകയാണ്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്താശയാണെന്നാണ് നാട്ടുകാരുടെ സംശയം ഇത്തരം അറ്റകുറ്റപ്പണി അടിയന്തരസ്വഭാവമുള്ളതിനാൽ ഇത് കരാറിന്റെ ഭാഗമാകില്ല. ഇതാണ് കരാറുകാർക്ക് നേട്ടമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഒടുവിൽ ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്. കടുത്ത വേനലിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടമ്പോഴാണ് നിരന്തരമുള്ള പൈപ്പ് പൊട്ടൽ. മൂന്നു മാസത്തോളമായി ഇവിടെ സ്ഥിരമായി പൈപ്പ് ലൈനിൽ ചോർച്ചയുണ്ട്. ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും പഴയസ്ഥിതിയായി.രണ്ടു ദിവസത്തിനിടെ വീണ്ടും ചോർച്ച രൂക്ഷമായതോടെയാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്.പൈപ്പ് പൊട്ടലിന്റെ കാരണം ചോദിച്ചാൽ ജല അതോറിട്ടി കൈമലർത്തും.ഇതുവഴിയുള്ള പൈപ്പുകൾക്ക് 40 വർഷത്തോളം പഴക്കമുണ്ട്.ഇവയെല്ലാം മാറ്റി പുതിയത് സ്ഥാപിക്കുന്നുണ്ടെന്നാണ് വിശദീകരണം.നിരന്തരം പൈപ്പ് പൊട്ടുന്ന ഇടമായിട്ടും ഈ ലൈനിലെ പൈപ്പുകൾക്ക് പകരം ഗുണമേന്മയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അതോറിട്ടി തയ്യാറാകുന്നില്ലെന്നത് നാട്ടുകാരുടെ സംശയം ബലപ്പെടുത്തുന്നു. പണികൾ നടക്കുമ്പോൾ ടാങ്കറുകളിൽ ആവശ്യമായ ജലം എത്തിച്ച് പകരം സംവിധാനം ഏർപ്പെടുത്താത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം പൈപ്പ് ലൈനിൽ ഇന്നലെ അറ്റകുറ്റപണി തുടങ്ങി. അരുവിക്കരയിൽ നിന്ന് മൺവിളയിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംക്ഷന് സമീപവും കുണ്ടമൺകടവ് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണിയുമാണ് ഇന്നലെ നടന്നത്. മുട്ടട ജംഗ്ഷന് സമീപത്തെ പൊട്ടൽ പരിഹരിക്കാനുള്ള പണി ഇന്നലെ പുലർച്ചെ ആരംഭിച്ചു. ഇന്ന് ഉച്ചയോടെ പണി പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിക്കുമെന്ന് നോർത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. ഉയർന്ന സ്ഥലങ്ങളിൽ നാളെ വൈകിട്ടോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകൂ. കുണ്ടമൺകടവിലെ പമ്പ് ഹൗസിൽ നടക്കുന്ന അറ്റകുറ്റപ്പണിയും പൂർത്തിയായിട്ടുണ്ട്.