തിരുവനന്തപുരം: സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ചിട്ടിരിക്കുന്ന വഴുതക്കാട് റോഡിന്റെ ഒരു വശം വ്യാഴാഴ്ച തുറക്കും. പൊലീസ് ആസ്ഥാനത്തിന് എതിർ വശത്തെ റോഡാണ് ടാറിട്ട് ഗതാഗതയോഗ്യമാക്കുന്നത്. നിലവിൽ ഇവിടെ ഒന്നാംഘട്ട ടാറിംഗിന് മുമ്പുള്ള റോഡ് ഫോർമേഷൻ പ്രവൃത്തികൾ ആരംഭിച്ചു. മറ്റേ വശം അടുത്ത ഘട്ട പ്രവർത്തിയിൽ ഉൾപ്പെടുത്തി ഒരു മാസത്തിനകം പൂർത്തിയാക്കും. നോർക്ക-ഗാന്ധിഭവൻ റോഡും ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കി ബുധനാഴ്ചയ്‌ക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.
വഴുതയ്ക്കാട് റോഡ് മെറ്റൽ വിരിച്ച് റോഡ് നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഏറ്റവും നീളം കൂടിയ റോഡാണിത്. വിമെൻസ് കോളേജിന് സമീപത്ത് റോഡിന്റെ ഒരുഭാഗം ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കി. ആൽത്തറ മുതൽ റോഡ് ഫോർമേഷൻ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പ്രവൃത്തി പൂർത്തിയാകുന്ന ഇടങ്ങളിൽ ഘട്ടംഘട്ടമായി റോഡ് തുറന്നുകൊടുക്കുകയാണ്.
വഴുതക്കാട് റോഡിൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്തിന് മുൻവശം അടച്ചിരുന്നു.
മുൻവശത്ത് വലിയ രീതിയിൽ കുഴിയെടുത്തിട്ടിരിക്കുന്നതിനാൽ ഇതുവഴി കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. വെള്ളയമ്പലം ഭാഗത്ത് നിന്ന് ട്രിവാൻഡ്രം ക്ളബ്,സുബ്രഹ്മണ്യം ഹാൾ എന്നിവിടങ്ങളിലെത്തണമെങ്കിൽ ഇടപ്പഴഞ്ഞി വഴി മാത്രമേ സാധിക്കൂ. ഇടപ്പഴഞ്ഞിയിൽ നിന്ന് വഴുതക്കാട് റോഡിൽ പ്രവേശിക്കണം. അവിടെ നിന്ന് മുമ്പോട്ടുള്ള കനറാ ബാങ്കിന് വശത്തെ റോഡുവഴി പാലോട്ടുകോണം റസിഡന്റ്സ് റോഡ്-ഉദാരശിരോമണി റോഡുവഴി ട്രിവാൻഡ്രം ക്ളബിലെത്താം. വിവാഹമുൾപ്പടെയുള്ളവയ്‌ക്കായി എത്തുന്നവർ ഇതോടെ വലയുകയാണ്.
പൊലീസ് ആസ്ഥാനത്ത് എത്തണമെങ്കിൽ പുറകിലത്തെ ഗേറ്റ് വഴി മാത്രമേ സാധിക്കൂ. ശാസ്തമംഗലം,കൊച്ചാർ റോഡ്,ഇടപ്പഴിഞ്ഞി വഴിയെത്തണം. ശ്രീമൂലം ക്ളബിലെത്തണമെങ്കിൽ ബേക്കറി വഴി വഴുതക്കാട് വൺവേ കയറി ഇടത്ത് തിരിഞ്ഞ് റോഡ് കട്ട് ചെയ്യണം.
ആഘോഷത്തോടെ തുറന്ന്
സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ്
ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് ഇന്നലെ ആഘോഷപൂർവം തുറന്നു. നാട്ടുകാരും വ്യാപാരികളും ചെണ്ടമേളവുമായി റോഡിലൂടെ നടന്നു. ഇതോടൊപ്പം ലഡു വിതരണവുമുണ്ടായിരുന്നു. ഡെൻസ്‌ഗ്രേഡ് ബിറ്റുമസ് മെക്കാഡം (ഡി.ബി.എം) രീതിയിലാണ് ടാർ ചെയ്‌തത്.
ഇതോടൊപ്പം നടപ്പാത,വഴിവിളക്ക് എന്നിവയും അവസാനവട്ട ടാറിംഗും ഒരു മാസത്തിനകം പൂർത്തിയാക്കും. കേബിളുകൾ ഡെക്ടിലൂടെ കടത്തിവിട്ടാണ് ടാറിംഗ് നടത്തിയത്. സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് വേഗത്തിലെത്താൻ കഴിയുന്ന റോഡാണിത്. ടാറിംഗ് നടത്തുക മാത്രമാണ് ചെയ്‌തതെന്നും റോഡ് റോളറും വലിയ കേബിളുമൊക്കെ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതത്തിന് തടസമാണെന്നും വ്യാപാരികൾ പറഞ്ഞു. സാധനങ്ങൾ പെട്ടെന്ന് മാറ്റുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ വ്യക്തമാക്കി.