princenta-vettil-adoor

ആറ്റിങ്ങൽ/പാറശാല: റഷ്യയിലേക്ക് മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ നിയോഗിക്കപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ (25), പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ ഇന്ത്യൻ എംബസി ഡൽഹിയിലെത്തിച്ചു. കേന്ദ്ര ഏജൻസികൾ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചശേഷമാകും നാട്ടിലെത്തിക്കുക.

റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ തൊഴിൽ തട്ടിപ്പിന് ഇരയായാണ് ഇരുവരും റഷ്യയിലെത്തിയത്. അവിടെ ഉയർന്ന ശമ്പളമുള്ള ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, യുക്രെയിനെതിരെ യുദ്ധത്തിന് നിയോഗിക്കുകയായിരുന്നു. അതിനിടെ പ്രിൻസിന്റെ തലയ്ക്ക് വെടിയേറ്റു. ഡേവിഡിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു റഷ്യൻ പട്ടാളക്കാരന്റെ സഹായത്താൽ ക്രിസ്ത്യൻ ആരാധനാലയത്തിൽ കഴിയുകയായിരുന്നു ഡേവിഡ്. ഇയാളുടെ പിതാവ് മുത്തപ്പൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലടക്കം പരാതി നൽകിയതിനെ തുടർന്നാണ് മടങ്ങിയെത്താൻ വഴിയൊരുങ്ങിയത്. പ്രിൻസിനായി അടൂർ പ്രകാശ് എം.പിയും ഇടപെട്ടിരുന്നു. പ്രിൻസ് ഡൽഹിയിലെത്തിയ വിവരം അടൂർ പ്രകാശ് പ്രിൻസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു. അടൂർ പ്രകാശിന് കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു.