
നെടുമങ്ങാട് : സ്ഥാനാർത്ഥികൾ പ്രാദേശിക വിഷയങ്ങളിൽ ഊന്നി പ്രചാരണം കടുപ്പിക്കുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ടാർ പ്ലാന്റ് മൂലം ദുരിതം അനുഭവിക്കുന്ന നെല്ലനാട് നിവാസികളുടെ നീറുന്ന പ്രശ്‌നം സജീവ രാഷ്ട്രീയ ചർച്ചയ്ക്ക് വേദിയായ ദിവസമായിരുന്നു ഇന്നലെ. ആറുമാസത്തെ അനുമതിയോടെ തുടങ്ങിയ പ്ലാന്റ് എട്ട് വർഷമായി പ്രവർത്തിക്കുകയാണ്. ശ്വാസകോശ രോഗികളും അർബുദ ബാധിതരും പ്രദേശത്ത് പെരുകിയതോടെ ജനങ്ങൾ സമരപ്പന്തൽ സ്ഥാപിച്ച് പ്രക്ഷോഭത്തിലാണ്.
എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ സമരപ്പന്തലിലെത്തി നാട്ടുകാർക്ക് ഐക്യദാർഢ്യം അർപ്പിച്ചു. അഞ്ചുതെങ്ങിൽ രൂക്ഷമായ കടലാക്രമണ ഭീതി നിലനിൽക്കുന്നതിനാൽ വി.മുരളീധരനും യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയും പ്രദേശത്ത് എത്തി. അടൂർ പ്രകാശ് ശാർക്കര ദേവീക്ഷേത്രത്തിലും വി.മുരളീധരൻ വെള്ളനാട് ഭഗവതി ക്ഷേത്രത്തിലും ഉത്സവ കൊടിയേറ്റിൽ പങ്കെടുത്തു.റിക്രൂട്ട്മെന്റ് ഏജന്റ്മാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിന്റ്സ് സെബാസ്റ്റ്യൻ തന്റെ ഇടപെടലിന്റെ ഫലമായി ഇന്ത്യൻ എംബസി മുഖേനെ ഡൽഹിയിൽ എത്തിയതായി അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഒരു പരസ്യം കണ്ടാണ് ഏജന്റ് വഴി ഇയാൾ റഷ്യയിൽ എത്തുന്നത്. ഭാഷയറിയാതെ ചില കരാറുകളിൽ ഒപ്പുവച്ച പ്രിൻസിനെ റഷ്യൻ ആർമിയുടെ ക്യാമ്പുകളിലേക്ക് അയയ്ക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മുദാക്കൽ, ചെമ്പൂര്, അയിലം, കടയ്ക്കാവൂർ,മണനാക്ക്,ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കവല സന്ദർശനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി രാവിലെ മാദ്ധ്യമ സംവാദത്തിലും ആറ്റിങ്ങൽ,ചിറയിൻകീഴ് ഭാഗങ്ങളിൽ മരണ വീടുകളിലും സന്ദർശനം നടത്തി. കടുവാപ്പള്ളി കെ.ടി.സി.ടി ആശുപത്രി സന്ദർശിച്ച് ജീവനക്കാരോട് വോട്ടഭ്യർത്ഥിച്ചു. ഇന്ന് വി.ജോയിയുടെ സ്വീകരണ പര്യടനവും അടൂർ പ്രകാശിന്റെ കവല സന്ദർശനവും വാമനപുരം നിയോജക മണ്ഡലത്തിൽ നടക്കും.