
രാജ്യത്തെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും വിലയിരുത്തി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ് വർക്ക് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ നോർഡിക് രാജ്യങ്ങൾക്ക് വീണ്ടും മുൻനിര! ചരിത്രപരവും സാംസ്കാരികവും ഭാഷാപരവുമായ നിരവധി ബന്ധങ്ങൾ പങ്കിടുന്ന വടക്കൻ യൂറോപ്പിലെയും വടക്കൻ അറ്റ്ലാൻഡിക്കിലേയും ഒരുകൂട്ടം രാജ്യങ്ങളാണ് നോർഡിക് എന്നറിയപ്പെടുന്നത്.
ഡെന്മാർക്ക്, ഫിൻലന്റ്, ഐസ്ലന്റ്, നോർവേ, സ്വീഡൻ എന്നിവയാണ് പ്രധാന നോർഡിക് രാജ്യങ്ങൾ. നോർഡിക് എന്ന വാക്ക് ലാറ്റിൻ പദമായ നോർഡിക്കസിൽ നിന്നാണ് ഒരു ഉരുത്തിരിഞ്ഞു വന്നത്. പുരാതന കാലം മുതൽ ഈ പ്രദേശത്തെയും അവിടത്തെ ആളുകളെയും വിവരിക്കുവാൻ ഉപയോഗിക്കുന്ന ഈ പദത്തിന്റെ അർത്ഥം 'വടക്കൻ"എന്നാണ്. വടക്കൻ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാംസ്കാരിക ഐക്യവും ദേശീയതയും രാജ്യങ്ങളുടെ ഒത്തൊരുമയ്ക്ക് കരുത്തുപകരുന്നു.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീർഷ ജി.ഡി.പി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിച്ച് ജനങ്ങളുടെ സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോർട്ടും, അതിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ റാങ്കിംഗും നിശ്ചയിക്കുന്നത്. ഈ ഘടകങ്ങളെല്ലാം കൃത്യമായ അനുപാതത്തോടെ ഒത്തുവന്നാൽ മാത്രമേ രാജ്യങ്ങൾക്ക് സന്തോഷ സൂചികയുടെ പട്ടികയിൽ മുന്നിലെത്താൻ കഴിയൂ.
സന്തോഷത്തിന്റെ
വാതിലുകൾ
1952 ൽ സ്ഥാപിതമായ നോർഡിക് കൗൺസിലാണ് ഈ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും ജനങ്ങളുടെ ക്ഷേമത്തിന്റെയും ചാലകശക്തിയായി പ്രവർത്തിക്കുന്നത്. സാർവത്രിക ആരോഗ്യ സംരക്ഷണം, പൊതു വിദ്യാഭ്യാസ സംവിധാനം, സാമൂഹിക സുരക്ഷ എന്നിവ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുവാനും സുരക്ഷിതത്വം ഉറപ്പാക്കുവാനും ക്ഷേമം നിലനിറുത്തുവാനും ഇത്തരം ഇടപെടലുകളിലൂടെ കഴിയുന്നു. തൊഴിൽ- ജീവിത സന്തുലിതാവസ്ഥയ്ക്ക് മുഖ്യ പരിഗണന നൽകുന്ന ഇത്തരം രാജ്യങ്ങളിൽ മതിയായ അവധിക്കാലം, അനുയോജ്യമായ ജോലി സമയം, രക്ഷകർത്താക്കളായ തൊഴിലാളികൾക്ക് പ്രത്യേക അവധി, വ്യക്തിഗതമായും കുടുംബവുമായി സമയം ചെലവഴിക്കുവാനുള്ള സൗകര്യം തുടങ്ങി ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.
വ്യക്തികൾ തമ്മിലുള്ള ഐക്യവും സാമൂഹികമായി നിലനിൽക്കുന്ന യോജിപ്പും ഫലപ്രദമായ രീതിയിൽ പ്രകടമായതിനാൽ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച വ്യക്തമായ ബോദ്ധ്യം ജനങ്ങൾക്കുണ്ട്. അഴിമതി രഹിതമായ ഭരണ സംവിധാനമാണെന്ന പ്രത്യേകതയും ഇത്തരം രാജ്യങ്ങളിലുണ്ട്. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു കഴിയാനുള്ള ടൂറിസം സാദ്ധ്യതകളെയും പ്രയോജനപ്പെടുത്തുന്നു.ട
സ്പോർട്സ്
തരും സന്തോഷം
സമഗ്രമായ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിലൂടെ ആരോഗ്യപരവും കായികവുമായ ശേഷികൾ വർദ്ധിക്കുന്നതോടൊപ്പം സജീവമായ ജീവിതശൈലി വളർത്തിയെടുക്കുവാനും ഈ രാജ്യക്കാർക്ക് സാധിക്കുന്നു. കായിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസ മേഖലയുമായി ഉൾച്ചേർത്ത് സമഗ്രമായ കായിക വികസനം പരിപോഷിപ്പിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് നോർഡിക് രാജ്യങ്ങളിൽ നടക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മുതൽ കായിക വിദ്യാഭ്യാസം വരെ
അവിഭാജ്യ ഘടകമാണ്. സ്പോർട്സ് സയൻസ് മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ പാഠ്യപദ്ധതി. ആജീവനാന്ത കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം ഇത്തരം രാജ്യങ്ങളിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
നോർഡിക് രാജ്യങ്ങളിലെ കായികക്ഷമത കൂടിയ ജനങ്ങൾക്ക് ജീവിതശൈലീ രോഗങ്ങൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ താരതമ്യേന വിരളം.സമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികമായ പ്രശ്നങ്ങൾ കുറവായതിനാൽ ഇവരിൽ ആന്തരിക പ്രചോദനം രൂപപ്പെടുകയും, അത് ജോലിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഓർമ്മ, ശ്രദ്ധ, പ്രശ്ന പരിഹരണ ശേഷികൾ എന്നിവ ഉൾപ്പെടെയുള്ള വൈജ്ഞാനിക മേഖലയിലെ വികാസവും ഇവരിൽ പ്രകടമാണ്.
സ്വീഡൻ,ഡെന്മാർക്, നോർവേ എന്നീ രാജ്യങ്ങൾ ഫിഫ ലോകകപ്പുകൾക്ക് പലതവണ യോഗ്യത നേടിയിട്ടുണ്ട്.നിരവധി ആഭ്യന്തര ലീഗുകൾ സംഘടിപ്പിക്കുന്ന കായിക ഇനമാണ് ഐസ് ഹോക്കി. ലോക ചാമ്പ്യൻഷിപ്പ്, വിന്റർ ഒളിമ്പിക്സ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽ ഫിൻലന്റ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ തീപാറും പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തണുത്ത കാലാവസ്ഥയ്ക്കും വിശാലമായ മഞ്ഞുവീഴ്ചയുള്ള ഭൂപ്രകൃതിയ്ക്കും അനുയോജ്യവും ജനപ്രിയവുമായ മറ്റൊരു കായിക ഇനമാണ് ക്രോസ്കൺട്രി സ്കീയിംഗ്. നോർവേയാണ് ഈ കായിക ഇനവുമായി ബന്ധപ്പെട്ട് വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.
(ലേഖകൻ എസ്.സി.ഇ.ആർ.ടിയുടെ  കേരളത്തിലെ റിസർച്ച് ഓഫീസറാണ് : 98460 24102)