madavuril-cherupalam-pani

പള്ളിക്കൽ: മടവൂർ ഗ്രാമപഞ്ചായത്തിലെ പൂന്തൽവാരം, സീമന്തപുരം, തുമ്പോട് മേഖലകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ചെറു പാലത്തിന്റെ നിർമ്മാണം അവതാളത്തിൽ. പൂന്തൽവാരത്തു നിന്നും സീമന്തപുരം, തുമ്പോട്, കൊച്ചാലുംമൂട്, ആയുർവേദാശുപത്രി, വിദ്യാലയം തുടങ്ങിയ പ്രദേശങ്ങളിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് യാത്രചെയ്ത് വന്നിരുന്നത്. തോടിന് കുറുകെ താത്കാലിക സംവിധാനമായുണ്ടായിരുന്നത് കോൺക്രീറ്റ് തൂണിന്റെ കഷ്ണമായിരുന്നു. അതിളക്കി മാറ്റി ആഴത്തിൽ കുഴിയുണ്ടാക്കി ചെറുപാലത്തിനായി പണിതുടങ്ങിയെങ്കിലും ഇപ്പോൾ അത് നിലച്ചമട്ടാണ്. പഞ്ചായത്തിൽ കാരാറെടുത്ത് പണി പൂർത്തിയാക്കിയ വകയിൽ പോലും ഇനിയും തുക കിട്ടിയിട്ടില്ലെന്നാണ് കരാറുകാരന്റെ പരാതി. എന്നാൽ ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കരാറുകാരോട് നാലുമാസങ്ങൾക്ക് മുൻപേ ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.