
ആറ്റിങ്ങൽ: ഡയറ്റ് സ്‌കൂൾ അച്ചടിച്ച് പുറത്തിറക്കിയ 'തന്മാത്ര"എന്ന സ്‌കൂൾ മാസിക ശ്രദ്ധേയമാകുന്നു. കെട്ടിലും മട്ടിലും മാത്രമല്ല ഉള്ളടക്കത്തിലും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്ന മാസിക സർക്കാർ വിദ്യാലയങ്ങളുടെ ചരിത്രത്തിലെ അപൂർവ്വ മാതൃകയാവുകയാണ്. സ്‌കൂളിലെ തനതു പ്രവർത്തനങ്ങളുടെ ഭാഗമായാണ് എസ്.എം.സി. മുൻകൈയെടുത്ത് സ്‌കൂൾ മാസിക തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.സർക്കാർ പ്രൈമറിവിദ്യാലയത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിന്റെ തെളിവായി മാറുകയാണ് 'തന്മാത്ര".എഡിറ്റോറിയലും സ്‌കൂളിന്റെ ചരിത്രവുമൊഴികെ മാസികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രചനകളെല്ലാം കുട്ടികളുടെ തനത് സൃഷ്ടികളാണ്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്,ഹിന്ദി,അറബ് എന്നീ ഭാഷകളിലെ രചനകളും മാസികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കൊവിഡ് കാലത്ത് കുട്ടികളുടെ വിദ്യാലയപഠനം മുടങ്ങിയപ്പോൾ ഓൺലൈൻ ക്ലാസുകൾക്കൊപ്പവും വൈവിധ്യമാർന്ന പാഠ്യേതരപ്രവർത്തനങ്ങൾ ഡയറ്റ് സ്‌കൂൾ നടത്തിയിരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്‌കൂളിന് ഈവർഷത്തെ ഉപജില്ലാസ്‌കൂൾ കലോത്സവത്തിൽ മികച്ച പൊതുവിദ്യാലയത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.