വക്കം: ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ ജപ്തിഭീഷണിയിൽ ഒരു കുടുംബം. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കൊച്ചുതെങ്ങുവിള വീട്ടിൽ പ്രശോഭ (44)യാണ് മൂന്നു മക്കളുമായി ഏതുനിമിഷവും നിലംപൊത്തറായ വീട്ടിൽ കഴിയുന്നത്. മക്കളായ വൈഷ്ണവ്, വൈഷ്ണവി, വിസ്മയ എന്നിവർ പത്തിലും എട്ടിലും ആറിലുമായി പഠിക്കുന്നു. വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും മേൽക്കൂരയും തകർന്നു. മഴയോ ശക്തമായ കാറ്റോ വന്നാൽ ഇവർക്ക് പേടിയാണ്.
നട്ടെല്ലിനും, കാലിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ രണ്ടുവർഷം മുമ്പ് കിടപ്പിലായ പ്രശോഭയെ നാട്ടുകാരുടെ സഹായത്തിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴും കാലിന്റെ നീരും, മുറിവും കാരണം ജോലികൾ ചെയ്യാൻ പ്രശോഭയ്ക്ക് കഴിയുന്നില്ല. എങ്കിലും അന്നത്തിനായി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുപോകുന്നുണ്ട്. പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകിയെങ്കിലും അതും നടന്നില്ല. വർഷങ്ങൾക്ക് മുമ്പ് പ്രശോഭയുടെ അച്ഛൻ സത്യവൃതൻ വീട് വയ്ക്കുന്നതിനായി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. പിന്നീട് മക്കളുടെ വിവാഹത്തിനും, വീട്ടുകാര്യത്തിനുമായി ലോൺ പുതുക്കി. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ലോൺ അടവ് മുടങ്ങി. സത്യവൃതനും ഭാര്യയും മരിക്കുകയും ചെയ്തു. എന്നാൽ ഭൂമിയുടെ പ്രമാണം ഇപ്പോഴും ബാങ്കിൽതന്നെ. ജപ്തി നടപടികൾക്കായി അധികൃതർ വീട്ടിലെത്തിപ്പോൾ ഇവരുടെ അവസ്ഥകണ്ട് സാവകാശം നൽകി. ഒരു താത്കാലിക ഷെഡെങ്കിലും നിർമ്മിക്കണമെങ്കിൽ തന്റെ പേരിലുള്ള പ്രമാണം ഹാജരാക്കണം. പ്രമാണം തിരിച്ചെടുക്കണമെങ്കിൽ 3 ലക്ഷം രൂപ വേണം. ലോൺ എഴുതി തള്ളണമെന്ന് മന്ത്രി തലത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ചികിത്സാ ചെലവും കുട്ടികളുടെ പഠനവും ജപ്തിയും കാരണം ഈ കുടുംബം ആകെ ബുദ്ധിമുട്ടുകയാണ്.