photo

നെയ്യാറ്റിൻകര: വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും. മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്നവിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ നൗഷാദിനെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ വില്ലേജിൽ തലയൽ ദേശത്ത് പുന്നക്കാട് കോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ സുധാകരൻ മകൻ ജംബുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെയാണ് നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ക്ഷൻസ് ജഡ്ജി പാർവതി എസ്.ആർ 7വർഷം കഠിനതടവിനും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇയാൾ നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം.അനിൽകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്. 2011 സെപ്തംബർ 7ന് രാത്രി 11.30നാണ് ഒന്നാം സാക്ഷിയായ നൗഷാദിന്റെ വീടിന്റെ മുൻവശം വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി ഒന്നാം സാക്ഷിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.സന്തോഷ് കുമാർ അന്വേഷണം പൂർത്തീകരിച്ച് ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പോസിക്യൂട്ടർ സി.ഡി.ജസ്റ്റിൻ ജോസും പോസിക്യൂഷൻ എയ്ഡ് ഗീതയും ഹാജരായി.