കൽപ്പറ്റ: വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മേപ്പാടി ചെമ്പ്രയ്ക്കു സമീപം റിസോർട്ടിൽ താമസിച്ച് ഡൽഹി സ്വദേശിയുടെ മൊബൈൽ ഫോണും പഴ്സും മറ്റു സാമഗ്രികളുംമോഷ്ടിച്ചയാൾ ബംഗളൂരുവിൽ പിടിയിലായി. ബംഗളുരുദേവനഹള്ളി നാഗരാജിനെയാണ്(37)മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.കെ. സിജു, എസ്.ഐ എം.പി. ഷാജി, പൊലീസ് ഉദ്യോഗസ്ഥരായ കെ.കെ. വിപിൻ, ബാലു നായർ, ഷഫീർ, ഷാജഹാൻ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്. സഞ്ചാരിയുമായി സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു മോഷണം. മാർച്ച് 21നാണ് കേസിന് ആസ്പദമായ സംഭവം. മേപ്പാടിയിൽ നിന്നു രക്ഷപ്പെടാൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. മേപ്പാടിയിലെ റെന്റ് എ ബൈക്ക്ഷോപ്പിൽനിന്നു വ്യാജ ഐ.ഡി കാർഡ്, ലൈസൻസ് എന്നിവ ഉപയോഗിച്ചാണ് സ്കൂട്ടർ സംഘടിപ്പിച്ചത്. സ്കൂട്ടർ മാനന്തവാടിയിൽ ഒളിപ്പിച്ച നാഗരാജ് ബസിൽ കോഴിക്കോടിനും തുടർന്നു കണ്ണൂരിലും എത്തി. ഇവിടെനിന്നു ടാക്സിയിലാണ് ബംഗളുരുവിനുപോയത്. പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സ്ഥിരീകരിച്ചത്. കേരളത്തിനകത്തും പുറത്തും നിരവധികേസുകളിൽ പ്രതിയാണ് നാഗരാജ്. കോഴിക്കോട് ടൗൺ പൊലീസ്സ്റ്റേഷൻ, കർണാടകയിലെ വീരാജ്പേട്ട, ബംഗളൂരു സൈബർ സ്റ്റേഷൻ, ഹൈദരാബാദ് അഫ്സൽ ഗൻച്, ഉത്തരകന്നഡയിലെ ബഗൽകോട്ട് എന്നിവിടങ്ങളിൽ ഇയാൾക്കെതിരേകേസുണ്ട്.
കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ അറസ്റ്റിലായ നാഗരാജ് മൂന്നുമാസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി വിവിധ നഗരങ്ങളിൽ താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. ലോഡ്ജ്, ടൂറിസ്റ്റ്ഹോം, ഡോർമെറ്ററി എന്നിവിടങ്ങളിൽ മുറിയെടുക്കുകയും അവിടങ്ങളിൽമോഷണം നടത്തുകയുമാണ് ഇയാളുടെ രീതി.