photo

നെടുമങ്ങാട്: തിരഞ്ഞെടുപ്പിനായി നാടും നഗരവും കുത്തിനിറയ്‌ക്കുന്ന പോസ്റ്ററുകളോടും ഫ്ലക്‌സുകളോടും പരിയാരം വിടപറഞ്ഞിട്ടിത് നാലുപതിറ്റാണ്ട്. ഫ്ലക്‌സ് നശിപ്പിക്കലോ പരസ്പരമുള്ള പോർവിളികളുമൊന്നും പരിയാരത്തുകാർക്ക് വശമില്ല. പക്ഷേ എല്ലാവർക്കുമുണ്ട് രാഷ്ട്രീയം. അത് മനസിലാണെന്ന് മാത്രം. ആറ്റിങ്ങൽ പാർലമെന്റിലുള്ള ഇവിടെ നാലായിരം വോട്ടർമാരുണ്ട്. എല്ലാവരും വോട്ടിടാനുമെത്തും.

ഇടതിനും വലതിനും ബി.ജെ.പിക്കും ആഴത്തിൽ വേരുകളുള്ള ഇടമാണ് നെടുമങ്ങാട് നഗരസഭയിലെ പരിയാരം വാർഡ്. ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള ഇവിടെ ഇടതിനോട് ചേർന്ന് നിൽക്കാറാണ് പതിവ്. 1980 മുതൽ ഇടതുപക്ഷത്തെ എസ്.രവീന്ദ്രനും ഒ.ലളിതാംബികയുമാണ് വാർഡിനെ പ്രതിനിധാനം ചെയ്‌തത്. നിലവിലെ കൗൺസിലിൽ വൈസ് ചെയർമാനായ എസ്. രവീന്ദ്രൻ ഇത് നാലാമത്തെ ടേമാണ്.

 വഴിത്തിരിവായ സുരേന്ദ്രൻ കൊലപാതകം

തിരഞ്ഞെടുപ്പിൽ വീറും വാശിയും കൂട്ടിയിരുന്ന കാലം പരിയാരത്തുകാർക്കുമുണ്ടായിരുന്നു. 40 വർഷം മുമ്പ് സി.പി.എം പ്രവർത്തകനായിരുന്ന സുരേന്ദ്രന്റെ കൊലപാതകവും ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമാണ് രാഷ്ട്രീയ കോലാഹലങ്ങളിൽ നിന്ന് പരിയാരത്തെ അകറ്റിയത്. സ്ഥാനാർത്ഥി പര്യടനവും സ്വീകരണവുമൊക്കെയുണ്ടാവും. ഓരോ പാർട്ടിക്കാരും വേദിയും കൊടിയുമെല്ലാം ഒരുക്കും. യോഗം കഴിയുന്ന മുറയ്ക്ക് മുഴുവൻ ക്രമീകരണങ്ങളും നീക്കം ചെയ്യും"- നാട്ടുകാർ പറഞ്ഞു. പുതുതലമുറയും ഈ പാതയിലാണ് എന്നതിന് തെളിവാണ് വോട്ടുത്സവത്തിന്റെ ആരവം ഒഴിഞ്ഞ പരിയാരത്തെ പാതയോരങ്ങൾ.'സംഘടിച്ചു ശക്തരാവുക, വിദ്യ കൊണ്ടു പ്രബുദ്ധരാവുക" എന്ന ഗുരുദേവ വാക്യത്തിൽ മുറുകെപ്പിടിച്ചാണ് നാട് മുന്നോട്ടു പോവുന്നത്. ഗുരു മന്ദിരമുണ്ടിവിടെ, അവിടെ മുടങ്ങാതെ തിരിതെളിക്കും.