തിരുവനന്തപുരം:ഈ വർഷത്തെ പൈങ്കുനി ഉത്സവത്തിനായി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങളാരംഭിച്ചു. 12 നാണ് ഉത്സവം കൊടിയേറുന്നത്. കൊടിയേറ്രത്തിനുള്ള കൊടിക്കയർ തയാറാക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ്.ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പഞ്ചപാണ്ഡവരുടെ വലിയ പ്രതിമകൾ ഉയർന്നു തുടങ്ങി.ഉത്സവത്തിന്റെ പ്രധാന ആകർഷണമായ ഈ രൂപങ്ങൾ ഉയർത്തുന്നത് മഴയുടെ ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണെന്നാണ് വിശ്വാസം. 20 നാണ് പള്ളിവേട്ട. 21 ന് ശംഖുംമുഖത്തെ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.ഒമ്പതാം ദിവസമാണ് പള്ളിവേട്ട. പടിഞ്ഞാറേനടയിൽ നിന്ന് പുറപ്പെട്ട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലുള്ള വേട്ടക്കളത്തിലാണ് പള്ളിവേട്ട നടക്കുന്നത്. ഇവിടെ നിന്ന് തിരികെ പുറപ്പെട്ട് ഗരുഡ വാഹനം വടക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും.പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുംമുഖം കടൽത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും.തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം (ക്ഷേത്രസ്ഥാനി)​ ആചാര, അലങ്കാര വിശേഷങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും.പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിലും ക്ഷേത്രത്തിനകത്ത് തുലാഭാര മണ്ഡപം,​ ശ്രീപാദമണ്ഡപം എന്നിവിടങ്ങളിലും കലാപരിപാടികൾ അരങ്ങേറും. 19 ന് വൈകിട്ട് കിഴക്കേനടയിൽ വേലകളി ഉണ്ടായിരിക്കും.