suresh-kumar

നെയ്യാറ്റിൻകര: സംഘം ചേർന്ന് മദ്യപിച്ച ശേഷം കൂട്ടുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2016 ജൂലായ് 22ന് തിരുവല്ലം പുഞ്ചക്കരി പേരകത്തു ദേവീ ക്ഷേത്രത്തിനു സമീപം ഡ്രീംസ്‌ വീട്ടിൽ സുരേഷ്‌കുമാറാണ് (60) കൊല്ലപ്പെട്ട സംഭവത്തിൽ നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്.

തിരുവല്ലം മുട്ടയ്ക്കാട്‌, പുഞ്ചക്കരി വിശ്വാനാഥപുരം എള്ളുവിള വീട്ടിൽ ബിജു(46),കല്ലിയൂർ പാപ്പാൻചാണി കന്നാന്റെവിള വീട്ടിൽ കുമാർ (45), പുതുവൽവിള വീട്ടിൽ സുനിൽകുമാർ (33),പാപ്പൻചാണി വയലരികത്തു വീട്ടിൽ പ്രകാശ് (43) എന്നിവരാണ് പ്രതികൾ. പാപ്പാൻചാണി പുഞ്ചക്കരി റോഡിന് സമീപത്തെ പുരയിടത്തിൽ വച്ചുണ്ടായ തർക്കത്തിനിടെ പ്രതികൾ സുരേഷ് കുമാറിനെ ആക്രമിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ചികിത്സയിലിരിക്കെ 2016 ആഗസ്റ്ര് ഒന്നിനാണ് ഇയാൾ മരിച്ചത്. പ്രതികൾക്ക് പിഴ ചുമത്തിയ ഒരുലക്ഷം രൂപ സുരേഷ്‌കുമാറിന്റെ വിധവയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. തിരുവല്ലം എസ്.ഐ വിപിൻ അന്വേഷിച്ച കേസിൽ നേമം സി.ഐ ദിലീപ്കുമാർ ദാസാണ് പ്രതികളെ അറസ്റ്റുചെയ്‌ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.