bijuraj

വർക്കല: തമിഴ്നാട് കുളച്ചലിന് സമീപം വാടിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി ഗായകൻ തിരയിൽപ്പെട്ട് മരിച്ചു. വർക്കല പനയറ മേലേവിള വീട്ടിൽ ബിജുരാജ് (38) ആണ് മരിച്ചത്. മാർച്ച് 31ന് വൈകിട്ട് 5 ഓടെ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് ബിജുരാജ് മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാകേഷ് രക്ഷപ്പെട്ടു. കുളച്ചൽ മറൈൻ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. കന്യാകുമാരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. സോഷ്യൽ മീഡിയയിലൂടെയും ഉത്സവ ഗാനമേളകളിലൂടെയും ശ്രദ്ധനേടിയ ബിജുരാജ് അവിവാഹിതനാണ്. പരേതനായ രാജേന്ദ്രന്റെയും രാധാമണിയുടെയും മകനാണ്. സഹോദരൻ ദിലീപ്.