photo

നെടുമങ്ങാട് : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന്റെ രാഷ്ട്രീയ സിരാകേന്ദ്രമായ വാമനപുരത്ത് വോട്ടർമാരുടെ മനസ് തേടി മൂന്ന് സ്ഥാനാർത്ഥികളും ഒരേദിവസം കളം നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി സ്വീകരണ പര്യടനത്തിന് രക്തസാക്ഷി ഗ്രാമമായ കല്ലറയിലെ മിതൃമ്മലയിൽ ആദ്യമിറങ്ങി. പൊള്ളുന്ന വെയിലത്തും ജോയിയെ വരവേല്ക്കാൻ ഓരോ കേന്ദ്രത്തിലും കുട്ടികളും സ്ത്രീകളും ഉൾപ്പടെ വൻ ജനക്കൂട്ടം.കല്ലറ,വാമനപുരം, നെല്ലനാട് പഞ്ചായത്തുകളിലൂടെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ ജോയിയുടെ പര്യടന വാഹനം നീങ്ങി.സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർ,ഡി.കെ.മുരളി എം.എൽ.എ, ഇ.എ.സലിം,കെ.പി.സന്തോഷ് കുമാർ,ആട്ടുകാൽ ബൈജു,സി.പി.ഐ നേതാക്കളായ എ.എം.റൈസ്,പി.എസ്.ഷൗക്കത്ത്,പി.ജി.ബിജു തുടങ്ങിയവർ അനുഗമിച്ചു.ഇന്ന് രാവിലെ വി.ജോയി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തേമ്പാമൂട് ജംഗ്‌ഷനിൽ കടകൾ സന്ദർശിച്ച് പ്രചാരണം തുടങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പനവൂരും നന്ദിയോടും പെരിങ്ങമ്മലയുമെത്തി. കോൺഗ്രസ് നേതാവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമായ പുലിയൂർ രാജന്റെ നിര്യാണത്തിൽ അനുശോചിച്ചു. വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് സ്വകാര്യ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരെ കണ്ടു. തുടർന്ന്,ഭരതന്നൂർ വഴി കല്ലറയിൽ എത്തി രക്തസാക്ഷി സ്മാരകത്തിൽ പുഷ്‌പാർച്ചന. വൈകിട്ട് വെഞ്ഞാറമൂട്ടിൽ വി.ജോയിയുടെ പര്യടന വാഹനവുമായി മുഖാമുഖം കണ്ടു.മാണിക്കൽ ജുമാമസ്ജിദിൽ സമൂഹ നോമ്പുതുറയിലും പങ്കെടുത്തു.ഇന്ന് ആറ്റിങ്ങൽ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ മണ്ഡലം ചെയർമാൻ കരകുളം കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം നടക്കും. വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമൺപുറം കോളനികളിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ സന്ദർശനം നടത്തിയത്. ഊരുകളിൽ അമ്പും വില്ലും സമ്മാനിച്ചാണ് ആദിവാസികൾ മുരളീധരനെ വരവേറ്റത്. കപ്പ പുഴുങ്ങിയതും കാന്താരിയും കട്ടനും ഊരുവാസികൾക്കൊപ്പം കഴിച്ചായിരുന്നു മടക്കം. വന്യമൃഗ ശല്യവും ഗതാഗത സൗകര്യം ഇല്ലാത്തതും ഊരുനിവാസികൾ ചൂണ്ടിക്കാട്ടി. ആറ്റുമൺപുറം പാലത്തിന്റെ പണി പൂർത്തിയാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. താൻ വിജയിച്ചു വന്നാല്‍ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പുനൽകി. പാലോട്,അരുവിക്കര,കാട്ടാക്കട മണ്ഡലം കൺവെൻഷനുകളിലും മുരളീധരൻ പങ്കെടുത്തു. കൊടുമൺപിള്ള വീട് മുടിപ്പുര ദേവീക്ഷേത്രത്തിൽ ദർശനത്തിനുമെത്തി. അഞ്ചുതെങ്ങ്,പൂന്തുറ പ്രദേശങ്ങളിൽ കടലേറ്റ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരപ്രദേശങ്ങളും മുരളീധരൻ സന്ദർശിച്ചു. പ്രദേശത്തേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കണമെന്ന് കേന്ദ്രഫിഷറീസ് മന്ത്രിയോട് അഭ്യർത്ഥിച്ചതായി സ്ഥാനാർത്ഥി പറഞ്ഞു.