
തിരുവനന്തപുരം: മലയാളികളായ ആയൂർവേദ ഡോക്ടർ ദമ്പതികളെയും സുഹൃത്തായ അദ്ധ്യാപികയെയും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട്കാവിൽ ബാലൻ മാധവന്റെയും അദ്ധ്യാപിക ലതയുടെയും മകൾ ദേവി മാധവൻ (39), ഭർത്താവ് കോട്ടയം മീനടത്ത് എൻ.എ.തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ നവീൻ തോമസ് (39), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മേലേത്തുമലയിൽ അനിൽകുമാറിന്റെയും മഞ്ജുവിന്റെയും മകൾ ആര്യ (29) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ന് അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിനടുത്തുള്ള സിറോയിലെ ഹോട്ടൽ മുറിയിൽ കൈഞരമ്പ് മുറിച്ച് രക്തംവാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ബന്ധുക്കളെ വിളിക്കാനുള്ള നമ്പറും എഴുതിയിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ദമ്പതികൾ. ആര്യയുടെ വിവാഹം അടുത്തമാസം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ഫ്രഞ്ച് അദ്ധ്യാപികയായിരുന്നു ആര്യ. ഇതേ സ്കൂളിൽ ദേവിയും ജർമൻ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ഇരുവരും പരിചയത്തിലാകുന്നത്. കൊവിഡിന് ശേഷം ആര്യ ജോലി മതിയാക്കി.
കഴിഞ്ഞ മാസം 27നാണ് ആര്യ വീട്ടിൽ നിന്ന് പോയത്. വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ ബന്ധുക്കൾ വട്ടിയൂർക്കാവ് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ദമ്പതികൾക്കൊപ്പമുണ്ടെന്നും 27ന് മൂവരും തിരുവനന്തപുരത്തുനിന്ന് വിമാനമാർഗം ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. മീനടത്തെ നവീന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ ദമ്പതികൾ അരുണാചലിലേക്ക് വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് മാർച്ച് 17ന് പോയതായി വിവരം ലഭിച്ചു. നാല് ദിവസം കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങൂ എന്നാണ് കഴിഞ്ഞ 28ന് അവസാനം വിളിക്കുമ്പോൾ ദമ്പതികൾ വീട്ടുകാരോട് പറഞ്ഞിരുന്നത്.
മൂവരും ബ്ലാക്ക് മാജിക്കിന് അടിമപ്പെട്ടിരുന്നതായും മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ പരിശോധിച്ചതായും ഇവരുടെ മൊബൈലുകൾ പരിശോധിച്ചതിൽ നിന്ന് അരുണാചൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണോ മരണകാരണമെന്ന് അന്വേഷിക്കുന്നുണ്ട്. ബ്ലാക്ക് മാജിക്കിനായി ആരെങ്കിലും ഇവരെ സ്വാധീനിച്ചിട്ടുണ്ടോ എന്നറിയാൻ ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിക്കും.
സന്തോഷം നിറഞ്ഞ ദാമ്പത്യം
സന്തോഷകരമായ ദാമ്പത്യമായിരുന്നു ദേവിയുടെയും നവീന്റെയും. പങ്കജകസ്തൂരി ആയൂർവേദ കോളേജിൽ പഠിക്കുന്നകാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 2011ലായിരുന്നു വിവാഹം. ആയൂർവേദ മേഖലയിൽ തുടരാൻ താത്പര്യമില്ലാത്തതിനാൽ നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും സ്വന്തമായി കേക്ക് നിർമാണത്തിലേക്കും ദേവി ജർമൻ ഭാഷ പഠനത്തിലേക്കും തിരിഞ്ഞു. സാമ്പത്തിക ബാദ്ധ്യതകളും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തായിരുന്നു ദമ്പതികൾ താമസച്ചിരുന്നത്. ഒന്നും മനസിലാകാത്ത അവസ്ഥയിലാണ് താനെന്ന് ദേവിയുടെ അച്ഛൻ ബാലൻ മാധവൻ പറഞ്ഞു.