തിരുവനന്തപുരം:വിഴിഞ്ഞം സ്വദേശി ഷൈജുവിനെ ഏറ് പടക്കം എറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഴിഞ്ഞം പളളിത്തുറ സ്വദേശി എഡ്വിനെ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനും 11,75,000 രൂപ പിഴക്കും ശിക്ഷിച്ചു.സ്‌ഫോടകവസ്തു ഉപയോഗിച്ചതിന് അധികമായി 10 വർഷം കഠിന തടവുമുണ്ട്. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനനാണ് ശിക്ഷിച്ചത്. പ്രതിയുടെ സഹായിയും സുഹൃത്തുമായ അപ്പാച്ചി ബൈജു എന്ന വിനോദ് രാജിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
മയക്കുമരുന്നിന് അടിമയായ പ്രതി എപ്പോഴും വായിൽ ബ്ലേഡുമായാണ് നടക്കുന്നത്.കടുത്ത ക്രിമിനലായ പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കണമെന്ന പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു. 2013 ഏപ്രിൽ 25ന് വിഴിഞ്ഞം ബസ്റ്റാൻഡിൽ കിടന്നുറങ്ങിയ ഷൈജുവിന്റെ തലയിൽ ഏറ് പടക്കം എറിഞ്ഞ ശേഷം പ്രതി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ സഹോദരൻ കൊല്ലപ്പെട്ട ഷൈജുവിന്റെ സഹോദരിയെ പ്രണയിച്ചിരുന്നു. ഇതിനെ ഷൈജു ശക്തമായി എതിർക്കുകയും പ്രതിയുടെ സഹോദരൻ ആത്മഹത്യ ചെയ്യുകയും ചെയ്തതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പ്രതി പിഴ തുക ഒടുക്കിയാൽ അതിൽ നിന്ന് എട്ടുലക്ഷം കൊല്ലപ്പെട്ട ഷൈജുവിന്റെ മാതാപിതാക്കളായ ഡെൻസണും ഷെർലിക്കും നൽകാനും രണ്ട് ലക്ഷംസഹോദരങ്ങളായ വിനോദിനും ജെന്നിക്കും നൽകാനും കോടതി നിർദ്ദേശിച്ചു.