തിരുവനന്തപുരം: വിവാഹ തീയതിക്കായുള്ള കാത്തിരിപ്പിനിടെ ആര്യയുടെ മരണവിവരമറിഞ്ഞ ഞെട്ടലിൽ കുടുംബവും നാട്ടുകാരും. ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ദമ്പതികളായ സുഹൃത്തുക്കൾക്കൊപ്പമാണ് വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി ആര്യയും മരിച്ച നിലയിൽ കണ്ടെത്തിത്. ആര്യയുടെ മരണവാർത്ത അറിഞ്ഞതോടെ മേലത്തുമേലെ ഖാദി ബോർഡ് ജംഗ്‌ഷനിലെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്. ഇന്നലെ രാത്രിയിൽപ്പോലും വീട്ടിൽ ലൈറ്റുകളൊന്നും കത്തിയില്ല. സമീപത്തെ സാമൂഹ്യപ്രവർത്തകർ എത്തിയെങ്കിലും വീട്ടിലേക്ക് കടക്കാനായില്ല.
ഇക്കഴിഞ്ഞ മാർച്ച് 27 മുതൽ ആര്യയെ കാണാനില്ലെന്ന് കുടുംബം വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്ത മാസം വിവാഹം നിശ്ചയിച്ചതിനാൽ മകളുടെ തിരോധാന വാർത്ത ആദ്യമൊക്കെ മാതാപിതാക്കളായ ഹിന്ദുസ്ഥാൻ ലാക്ടക്സ് റിട്ട. ജീവനക്കാരൻ അനിൽകുമാറും മഞ്ജുവും രഹസ്യമാക്കി വച്ചു. എന്നാൽ അടുത്ത ബന്ധുക്കളുടെ നിർദ്ദേശാനുസരണം പൊലീസിൽ അറിയിക്കുകയിരുന്നു. അന്വേഷണത്തിനായി പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ആര്യയെ കാണാനില്ലെന്ന വാർത്ത പുറത്തറിഞ്ഞത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആര്യ, സുഹൃത്തായ ദേവിക്കും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് കണ്ടെത്തി. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. 27ന് മൂവരും തിരുവനന്തപുരത്തുനിന്നും വിമാന മാർഗം ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്. ആര്യയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ദേവിയും ഭർത്താവ് നവീനും സമാന ദിവസങ്ങളിൽ വിനോദയാത്രക്ക് പോയെന്നും കണ്ടെത്തി. ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവായി. പിന്നാലെയാണ് ഇവരുടെ മരണവാർത്ത അറിയുന്നത്.
ആര്യ ബ്ളാക്ക് മാജിക്കിന് അടിമയെന്ന്
ചെമ്പക സ്കൂളിൽ ഫ്രഞ്ച് ഭാഷാ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ആര്യ, ഇതേ സ്‌കൂളിൽ ജർമ്മൻ അദ്ധ്യാപികയായി എത്തിയ ദേവിയുമൊത്തുള്ള സൗഹൃദത്തെ തുടർന്നാണ് ബ്ലാക്ക് മാജിക്കിലേക്ക് തിരിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ദേവിയുടെ ഭർത്താവ് നവീൻ ആണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ബ്ലാക്ക് മാജിക്കിന് ആര്യ അടിമയായതോടെ മകളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ വീട്ടുകാർ തമിഴ്നാട് അതിർത്തിയിലെ ആര്യയുടെ അമ്മയുടെ കുടുംബവീട്ടിലേക്ക് താമസം മാറിയിരുന്നു. ആറുമാസം മുമ്പാണ് ഇവർ തിരിച്ചെത്തി മകളെ വീണ്ടും ചെമ്പക സ്‌കൂളിൽ അദ്ധ്യാപികയാക്കിയത്. പിന്നീടാണ് കല്യാണം നിശ്ചയിക്കുന്നതും.