
തിരഞ്ഞെടുപ്പ് കാലയളവാണിത്. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടുന്നത് ശക്തമായി തടയപ്പെടേണ്ടതു തന്നെയാണ്. തികച്ചും നിരുത്തരവാദപരമായി മനസ്സിൽ തോന്നുന്ന സംശയങ്ങൾ, വസ്‌തുതകളെന്ന പോലെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുന്ന നടപടിയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും ഇലക്‌ഷൻ കമ്മിഷനെതിരെയും മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. മലപ്പുറം സ്വദേശി ഷറഫുദ്ദീന് എതിരെയാണ് ആദ്യ കേസ് എടുത്തത്. തിരഞ്ഞെടുപ്പിനു ശേഷം ഫലം അട്ടിമറിക്കാൻ മൂന്നാഴ്ചക്കാലം ലോക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന മെസേജ് പ്രചരിപ്പിച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് മറ്റ് രണ്ട് കേസുകൾ. ഇ.വി.എമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള മെസേജുകൾ പ്രചരിപ്പിച്ചതിനാണ് കേസ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെത്തുടർന്നാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് മനപ്പൂർവമല്ലെന്ന് കരുതാനാകില്ല. അപകീർത്തിപരമായ പോസ്റ്റുകൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളും നടപടിയെടുക്കേണ്ടതാണ്. വോട്ടിംഗ് മെഷീനിൽ ആർക്ക് വോട്ട് ചെയ്താലും അത് കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് അനുകൂലമായാവും രേഖപ്പെടുത്തുക എന്നു തുടങ്ങിയ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങൾ നടത്തുന്നത് ജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാകാനേ ഇടയാക്കൂ. ഏതൊരു കക്ഷിയും, തോൽക്കുന്നിടത്തു മാത്രമാണ് വോട്ടിംഗ് യന്ത്രത്തെ സംശയിക്കുന്നത്. ലോകത്ത് ഏറ്റവും സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തുന്ന വോട്ട് കൃത്യമാണെന്ന് വോട്ടറെ ബോദ്ധ്യപ്പെടുത്താനുള്ള വിവിപാറ്റ് സംവിധാനവും യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പരാതി നൽകിയാൽ വിവിപാറ്റ് രസീതുകൾ എണ്ണി തിട്ടപ്പെടുത്തി സംശയം ദുരീകരിക്കാനുമാവും. മാത്രമല്ല വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനരീതി നിഷ്‌പക്ഷരായ വിദഗ്ദ്ധരുടെ സംഘത്തെ പല തവണ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതും ഇതു സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും ഇലക്‌ഷൻ കമ്മിഷൻ വെബ്‌സൈറ്റിൽ ഉത്തരങ്ങൾ നൽകിയിട്ടുള്ളതുമാണ്. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് വോട്ടിംഗ് യന്ത്രങ്ങളെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാൾ. ഇദ്ദേഹമാകട്ടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള ആളാണ്.
മുംബയിലെ ഭീകരാക്രമണത്തിനു പിന്നിൽ ആർ.എസ്.എസിന്റെ കരങ്ങളാണ് പ്രവർത്തിച്ചതെന്ന് ആരോപിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇതേ ആരോപണം വിഷയമാക്കി രചിച്ച ഒരു പുസ്‌തകത്തിന്റെ പ്രകാശനം നടത്തിയതും ദിഗ്‌വിജയ് സിംഗായിരുന്നു. പിന്നീട് പുസ്‌തകം രചിച്ച വ്യക്തി, അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ തന്റെ നിഗമനത്തിനും സംശയങ്ങൾക്കും എതിരായതിനാൽ പുസ്‌തകത്തിലെ എല്ലാ ആരോപണങ്ങളും പിൻവലിക്കുന്നുവെന്ന് പറഞ്ഞിട്ടും ദിഗ്‌വിജയ് സിംഗ് പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പറഞ്ഞത്. പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുക ഇത്തരം നേതാക്കളുടെ രീതിയാണ്. വോട്ടിംഗ് യന്ത്രം ആദ്യമായി ഏർപ്പെടുത്തിയത് കോൺഗ്രസ് ഭരണകാലത്താണെന്ന വസ്‌തുത പോലും ഇവർ മറന്നുപോകുന്നു. ഈ ആധുനിക കാലത്ത് പണം പോലും ഓൺലൈൻ സാങ്കേതിക ഉപാധികളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അക്കാര്യത്തിൽ സംശയം ഉന്നയിക്കാത്തവർ ഇ.വി.എമ്മിനെ സംശയിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.