അരുവിപ്പുറത്ത് എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു
 ആയയിൽ മുതൽ പള്ളിവേട്ടവരെ 70 കേന്ദ്രങ്ങളിൽ സ്വീകരണം
തിരുവനന്തപുരം : 'നാട്യങ്ങളില്ലാത്ത നാട്ടുകാരൻ,നമ്മളിൽ ഒരാളായ രവിയേട്ടൻ ഇതാ നിങ്ങളെ കാണാൻ എത്തുന്നു'...... അനൗൺസ്‌മെന്റ് വാഹനത്തിനു പിന്നാലെ തുറന്ന ജീപ്പിൽ ചെറുപുഞ്ചിരിയോടെ കാറ്റത്തു പാറുന്ന മുടിയിഴകളെ മാറ്റി പന്ന്യൻ രവീന്ദ്രൻ കൈവീശുന്നു.നാട്ടുവഴിയോരത്ത് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ പ്രായഭേദമെന്യേ നിരവധി പേർ. ഓരോയിടത്തും നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞും ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ചുരുക്കിപ്പറഞ്ഞും വോട്ട് തേടി സ്ഥാനാർത്ഥി.
രാജ്യം ഉറ്റുനോക്കുന്ന ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യദിവസത്തെ പതിവ് കാഴ്ചയായിരുന്നു ഇത്. മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനുള്ള വാഹനപര്യടനം ഇന്നലെ രാവിലെയാണ് ആരംഭിച്ചത്. നവോത്ഥാനത്തിന്റെ മാർഗദീപമായി നിലകൊള്ളുന്ന പാറശാല മണ്ഡലത്തിലെ അരുവിപ്പുറത്തു നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. സി.പി.എം മുൻ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.ഘടകകക്ഷി നേതാക്കളുൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ രാവിലെ 8.30 ന് ആരംഭിച്ച പര്യടനം രാത്രി 10.30 നാണ് അവസാനിച്ചത്. സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തകരുടെ വൻ നിരയായിരുന്നു പര്യടനത്തിലുടനീളം പന്ന്യന് ഒപ്പമുണ്ടായിരുന്നത്. നാലു പഞ്ചായത്തുകളെ ഏഴു മേഖലകളായി തിരിച്ച് 70 ബൂത്ത് കേന്ദ്രങ്ങളിലായിരുന്നു പര്യടനത്തിന്റെ ഭാഗമായി സ്വീകരണം ഒരുക്കിയിരുന്നത്. നിശ്ചയിച്ചിരുന്നതിലും രണ്ട് മണിക്കൂറോളം വൈകിയാണ് ഓരോയിടത്തും സ്ഥാനാർത്ഥി എത്തിയത്.ഗ്രാമീണ മണ്ഡലത്തിന്റെ പരമാവധി കോണുകളിലെത്തും വിധത്തിലാണ് സ്വീകരണ കേന്ദ്രങ്ങൾ ക്രമീകരിച്ചിരുന്നത്. അരുവിപ്പുറത്തെ ഉദ്ഘാടനത്തിനു ശേഷം ആയയിൽ ആയിരുന്നു ആദ്യ സ്വീകരണ കേന്ദ്രം. തുറന്ന വാഹനത്തിൽ പന്ന്യൻ രവീന്ദ്രനൊപ്പം സി.കെ.ഹരീന്ദ്രനുമുണ്ടായിരുന്നു. മാരായമുട്ടം,പെരുങ്കടവിള,കുറ്റിയാണിക്കാട് എന്നിവിടങ്ങളിലൂടെ ഉച്ചയ്ക്ക് 1.30 ഒാടെ ആര്യൻകോട് എത്തി. വിശ്രമത്തിനു ശേഷം മൈലച്ചലായിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. ഒറ്റശേഖരമംഗലം,മണ്ഡപത്തിന് കടവ്, പൂഴനാട്,കള്ളിക്കാട്, പന്ത,നെയ്യാർഡാം, പെരുംകുളങ്ങര എന്നിവിടങ്ങളിലൂടെ കടന്ന് പള്ളിവേട്ടയിൽ പര്യടനം സമാപിച്ചു. 11,20 തീയതികളിൽ മണ്ഡലത്തിലെ മറ്റു ഭാഗങ്ങളിൽ പര്യടനം തുടരും.ഇന്ന് കഴക്കൂട്ടം മണ്ഡലത്തിലാണ് പന്ന്യന്റെ പര്യടനം.
ശ്രീനാരായണ ഗുരുവിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന അരുവിപ്പുറത്തു നിന്ന് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത് നാട്ടിൽ മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന സന്ദേശം കൂടിയാണ്.
- പന്ന്യൻ രവീന്ദ്രൻ