
ജോലി ലഭിക്കുന്നതിനു മുതൽ പണക്കാരനാകുന്നതിനു വരെ അഫർമേഷൻസ് ഉപയോഗിക്കാം. തീവ്രമായ ആഗ്രഹത്തോടെ ഒരു കാര്യം ആവർത്തിച്ച് പറയുമ്പോൾ മനസിലെ ബ്ലോക്കുകൾ മാറി, പുതിയ ന്യൂറൽ പാറ്റേണുകൾ സൃഷ്ടിക്കപ്പെടും. ചിന്തകളെ യാഥാർത്ഥ്യമാക്കുന്നതിന് മനസിനെയും മസ്തിഷ്കത്തെയും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന സിദ്ധാന്തമാണ് ഇത്
'ഒരു കാര്യം നടക്കാൻ അതിതീവ്രമായി നിങ്ങൾ ആഗ്രഹിച്ചാൽ, അതു നടത്തിത്തരാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും!"പൗലോ കൊയ് ലോയുടെ വാക്കുകൾ നൽകിയ പ്രതീക്ഷയിൽ ജീവിതം തിരിച്ചുപിടിച്ചവർ അനേകം. എന്നാൽ, 'എങ്ങനെ ആഗ്രഹിക്കും" എന്ന് അറിയാത്തതാണ് പലർക്കും കാലിടറാൻ കാരണം.
'ജീവിതം ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ക്യാൻസർ ശരീരത്തെയും മനസിനെയും കാർന്നുതിന്നു. മരിക്കാൻ പോലും പലപ്പോഴും തോന്നി. അന്ന് ഞാൻ എന്നോടു മന്ത്രിച്ചു... ഞാൻ ഓക്കെ ആകും... എന്റെ ശാരീരിക- മാനസിക അവസ്ഥയിൽ മാറ്റം വരും...!" പ്രഭാഷകയും അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കറുമായ ലൂയിസ് ഹേയുടേതാണ് വാക്കുകൾ. സെർവിക്കൽ ക്യാൻസർ പിടിമുറുക്കിയപ്പോൾ ജീവിക്കാൻ പ്രേരണ നൽകിയത് 'പോസിറ്റീവ് അഫർമേഷൻസ്" ആണെന്ന് പലവട്ടം ലൂയിസ് വെളിപ്പെടുത്തിയിട്ടുണ്ട്. ആഗ്രഹങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ഒരു മാർഗമാണ് അഫർമേഷൻസ്.
അഫർമേഷൻസ്
എന്നാൽ...
ചിന്തകളാണ് ഓരോ നിമിഷത്തെയും രൂപപ്പെടുത്തുന്നത് എന്ന സിദ്ധാന്തത്തിൽ നിന്ന് ഉണ്ടായതാണ് പോസിറ്റീവ് അഫർമേഷൻസ്. നല്ലതു ചിന്തിച്ചാൽ നല്ലതു നടക്കും. മനുഷ്യമനസു പോലെ ശക്തമായ മറ്റൊരു ആയുധമില്ല. ഉപബോധ മനസിനോട് സ്ഥിരമായി പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകും. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, ഞാൻ വിചാരിച്ചാൽ ഒന്നും നടക്കില്ല, ഞാൻ എന്തൊരു തോൽവിയാണ്.... എന്നൊക്കെയാണ് നിരന്തരം ചിന്തയെങ്കിൽ നടക്കുന്നതെല്ലാം നെഗറ്റീവ് ആയിരിക്കുമെന്ന് ഈ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ പറയുന്നു. ഞാൻ സൂപ്പറാണെന്ന് എല്ലാ ദിവസവും പറഞ്ഞാൽ ആത്മവിശ്വാസവും സന്തോഷവും വർദ്ധിക്കുമെന്നാണ് സിദ്ധാന്തത്തിന്റെ ഹൈലൈറ്റ്.
സങ്കല്പത്തിന്റെ
ശക്തി
ജോലി ലഭിക്കുന്നതിനു മുതൽ പണക്കാരനാകുന്നതിനു വരെ അഫർമേഷൻസ് ഉപയോഗിക്കാം. യൂട്യൂബിൽ തന്നെ നിരവധി അഫർമേഷൻസ് സൗജന്യമായി ലഭിക്കും. ഒരു കാര്യം ആവർത്തിച്ച് പറയുമ്പോൾ മനസിലെ ബ്ലോക്കുകൾ മാറി, പുതിയ ന്യൂറൽ പാറ്റേണുകൾ സൃഷ്ടിക്കപ്പെടും. എന്തു പറയും എന്നതു പോലെ തന്നെ പ്രധാനമാണ് എങ്ങനെ പറയുമെന്നതും. ഇതൊക്കെ നടക്കുമോ എന്ന മനോഭാവത്തിലാണ് അഫർമേഷൻസ് പറയുന്നതെങ്കിൽ ഫലിക്കണമെന്നില്ല. സ്വന്തം മനസിനെ വിശ്വസിക്കുന്നതാണ് ആദ്യ കടമ്പ.
നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ ആശയം ആദ്യമുദിച്ചത് മനുഷ്യന്റെ മനസിലാണ്. ആ മനസിന് ഭാവി നിശ്ചയിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുക. ഉയർന്ന ജോലി ലഭിക്കുന്നതാണ് സ്വപ്നമെങ്കിൽ ജോലിക്ക് അപേക്ഷിക്കുന്നതും പരീക്ഷ എഴുതുന്നതും ഫലം വരുമ്പോൾ ലിസ്റ്റിൽ നമ്മുടെ പേര് പ്രത്യക്ഷപ്പെടുന്നതും ഒടുവിൽ ജോലി കിട്ടുമ്പോഴുള്ള സന്തോഷവും വരെ വ്യക്തതയോടെ സങ്കല്പിക്കുക. കാര്യം നടക്കുമ്പോൾ തോന്നുന്ന അതേ എനർജിയോടെയാകണം സങ്കല്പിക്കുന്നതും!
സമ്മതിച്ച്
പ്രമുഖരും
അഫർമേഷൻസിന്റെ ശക്തിയെക്കുറിച്ച് പ്രമുഖരടക്കം സമ്മതിച്ചിട്ടുണ്ട്. ടിവി അവതാരക പേളി മാണിയും ഇക്കൂട്ടത്തിലുണ്ട്. പേളി തന്റെ അനുഭവം വിശദീകരിക്കുന്നത് ഇങ്ങനെ: വർഷങ്ങൾക്കു മുമ്പ് ഒരു ക്രിസ്മസ് രാത്രിയിൽ വലിയൊരു അപകടമുണ്ടായി. ഞാൻ ഓടിച്ചിരുന്ന കാർ ഒരു ലോറിയിലിടിച്ചു. മുഖത്തു മാത്രം 18 സ്റ്രിച്ചുകൾ. പുതുവർഷദിനത്തിൽ ഒരു പ്രോഗ്രാമിന് ആങ്കർ ചെയ്യാമെന്ന് ഏറ്റിരുന്നു. ഈ സ്റ്രിച്ചും വച്ച് എങ്ങനെ പോകുമെന്ന് ഓർത്ത് വേവലാതിപ്പെട്ടു.
എന്നാൽ വാങ്ങിച്ച അഡ്വാൻസ് നേരത്തെ ചെലവഴിച്ചതിനാൽ എങ്ങനെയെങ്കിലും ആങ്കറിംഗിനു പോകണമെന്ന് വാശിയായി. പരിപാടിക്ക് പോകുന്നതും മികച്ച രീതിയിൽ ആങ്കറിംഗ് ചെയ്യുന്നതും ആളുകൾ കൈയടിക്കുന്നതും വെറുതേ സങ്കല്പിക്കാൻ തുടങ്ങി. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ഇതോടൊപ്പം കഴിച്ചു. പുതുവർഷ ദിനത്തിൽ സ്റ്റിച്ചും വച്ച് അവതാരകയായി. ജീവിതത്തിലെ ഏറ്റവും മികച്ച ആങ്കറിംഗ് അതായിരുന്നെന്നും അതോടെ ആത്മവിശ്വാസം ഇരട്ടിച്ചെന്നും പേളി തന്നെ സമ്മതിക്കുന്നു.
പോസിറ്റിവിറ്റി
കണി കാണാം
ദിവസം തുടങ്ങുന്നതു തന്നെ പോസിറ്റീവ് ആയാൽ ആ ദിവസം മുഴുവൻ നല്ലതാകുമെന്നാണ് അഫർമേഷൻസിൽ വിശ്വസിക്കുന്നവർ പറയുന്നത്. എഴുന്നേൽക്കുമ്പോൾ, മുറിയിൽ പെട്ടെന്നു ശ്രദ്ധിക്കുന്ന സ്ഥലത്ത് അഫർമേഷൻസ് എഴുതി വയ്ക്കാം. പുസ്തകങ്ങളിലും ഇവ ആവർത്തിച്ച് എഴുതാം. എന്നാൽ, അഫർമേഷൻസിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന് വാദിക്കുന്നവരുമുണ്ട്. പരീക്ഷയ്ക്ക് പഠിക്കാതെ, അസുഖത്തിന് കൃത്യമായി മരുന്നു കഴിക്കാതെ, സമ്പന്നനാകാൻ കഷ്ടപ്പെടാതെ അഫർമേഷൻസിൽ മാത്രം വിശ്വസിക്കുന്നതും മണ്ടത്തരമാണ്. തർക്കം വേണ്ട; ഒന്ന് ഉറപ്പാണ്. മനസിന്റെ ശക്തിയേക്കാൾ വലുതല്ല മറ്റൊന്നും. ആഗ്രഹം തീവ്രമെങ്കിലും അതിനായി പ്രയത്നിക്കാതിരിക്കാൻ മനസ് സമ്മതിക്കുകയുമില്ല.