അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം നിയമനടപടി ആലോചിക്കും.
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നു ഇരട്ട വോട്ടുകൾ പൂർണ്ണമായും നീക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. ഇന്ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും ഇരട്ടവോട്ടുകൾ ഉണ്ടെങ്കിൽ നിയമനടപടി ആലോചിക്കും. കള്ളവോട്ട് ചെയ്യാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കമ്മിഷന്റെ വോട്ടർ പട്ടികയിൽ 1,64,006 ഇരട്ട വോട്ടുകളുണ്ട്. ഒരു വോട്ടർക്ക് അതേ മണ്ഡലത്തിലോ സമീപ മണ്ഡലത്തിലോ ഒരേ ബൂത്തിലോ വ്യത്യസ്ത ബൂത്തുകളിലോ ഒന്നിൽ കൂടുതൽ വോട്ടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 നവംബറിൽ സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ പുറത്തിറക്കിയ പട്ടികയിൽ ഇരട്ടവോട്ടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ എന്നിവർക്ക് രേഖകൾ സഹിതം പരാതി നൽകിയിരുന്നു. തുടർന്ന് കളക്ടർ, റിട്ടേണിംഗ് ഓഫീസർ എന്നിവരെകണ്ട് പരാതി ഉന്നയിച്ചു. 32000ൽപ്പരം ഇരട്ട വോട്ടുകളും മരണപ്പെട്ട വോട്ടർമാരെയും നീക്കിയതായി അറിയിച്ചിരുന്നു. പട്ടിക പുറത്ത് വന്നപ്പോൾ 22985 ഇരട്ടവോട്ടുകൾ നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ശേഷവും ഇരട്ടവോട്ടുകൾ കൂട്ടിച്ചേർത്തുവെന്നും അതുകൊണ്ടാണ് 1,64,006 ഇരട്ടവോട്ടുകൾ നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിൽ കണ്ടെത്താനായത് ആകെ 378 ഇരട്ടവോട്ടുകൾ മാത്രമാണെന്ന ചീഫ് ഇലക്ട്രൽ ഓഫീസർ സഞ്ജീവ് കൗളിന്റെ പ്രസ്താവന അവാസ്തവമാണ്. മന:പൂർവ്വമുണ്ടായ പിഴവ് മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതി നൽകുന്നവർ ആരുടെ പേരാണ് ഇരട്ടിച്ചത് എന്ന് വ്യക്തമായി പറയാൻ തയ്യാറാകണം. എന്നാൽ ഇരട്ട വോട്ടുകൾ വ്യക്തമാക്കുന്ന അച്ചടിച്ച പകർപ്പാണ് താൻ അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ഒരാൾക്ക് ഒന്നിലധികം വോട്ട് ചേർക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.