prince

വക്കം: റഷ്യ - യുക്രയിൻ യുദ്ധഭൂമിയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളിൽ ഒരാൾ വീട്ടിൽ മടങ്ങിയെത്തി.അഞ്ചുതെങ്ങ് കുരിശ്ശടിക്കു സമീപം കൊപ്രാക്കൂട്ടിൽ സെബാസ്റ്റ്യൻ-നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസാണ് (24) മടങ്ങിയെത്തിയത്.ഇക്കഴിഞ്ഞ 1ന് പുലർച്ചെ മൂന്നരയോടെ ഡൽഹിയിലെത്തിയ പ്രിൻസിനെ സി.ബി.ഐ സംഘം തെളിവെടുപ്പിനും നടപടിക്രമങ്ങൾക്കും ശേഷം കഴിഞ്ഞദിവസം രാത്രി 12.45ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പനിയടിമ- ബിന്ദു ദമ്പതിയുടെ മകൻ ടിനു (25),സിൽവ- പനിയമ്മ ദമ്പതിയുടെ മകൻ വിനീത് (23) എന്നിവർ ഇപ്പോഴും യുദ്ധമുഖത്താണ്.

തുമ്പയിൽ ട്രാവൽ ഏജൻസി നടത്തുന്ന പ്രിയൻ വഴിയാണ് ജനുവരി 3ന് മൂവർസംഘം റഷ്യയിലെത്തിയത്.റഷ്യൻ സർക്കാരിൽ ഓഫീസ് ജോലി,ഹെൽപ്പർ,സെക്യൂരിറ്റി ഓഫീസർ എന്നിവയായിരുന്നു വാഗ്ദാനം.

റഷ്യയിലെത്തിയ ഇവരെ അലക്സ് എന്ന മലയാളി കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും, അറിയാത്ത ഭാഷയിലുള്ള കരാറൊപ്പിട്ടതാണ് കുരുക്കായതെന്നും പ്രിൻസ് പറയുന്നു.തുടർന്ന് ഫോണും പാസ്‌പോർട്ടും വാങ്ങിവച്ച് ക്യാമ്പിലേക്ക് കൊണ്ടുപോയി.21 ദിവസം മിലിട്ടറി സംബന്ധമായ ട്രെയിനിംഗ് നൽകി. ശേഷം യുദ്ധമുഖത്തേക്ക് അയച്ചു. പ്രിൻസും വിനീതും ഒരു ടീമിലും ടിനു മറ്റൊരു ടീമിലുമായിരുന്നു. മൈൻ പൊട്ടിയുണ്ടായ ഗുരുതര പരിക്കിനെത്തുടർന്ന് പ്രിൻസിനെ ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയ്ക്കിടെ ഫോൺ ലഭിച്ചപ്പോഴാണ് നാട്ടിലെ ബന്ധുക്കളെ സംഭവമറിയിച്ചത്.ആശുപത്രിയിൽ നിന്നിറങ്ങിയ പ്രിൻസ് ലീവ് ലഭിക്കുന്നതിന് കമാൻഡറുടെ ഒപ്പ് വാങ്ങാൻ യുദ്ധമുഖത്തെ ക്യാമ്പിലെത്തിയപ്പോൾ വിനീതിനെ കണ്ടു. പത്ത് ദിവസം കൂടെ താമസിച്ചാണ് മോസ്കോയിലെത്തിയത്.വല്ലാത്ത അവസ്ഥയാണെന്നും ഏതുനിമിഷവും എന്തും സംഭവിക്കാമെന്നും പ്രിൻസ് പറയുന്നു. ടിനുവിനെക്കുറിച്ച് യാതൊരു അറിവുമില്ല. കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലുകളെത്തുടർന്ന് റഷ്യയിലെ ഇന്ത്യൻ എംബസി വഴി താത്‌കാലിക ഔട്ട് പാസ് നൽകിയാണ് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസിനെയും പൂവാർ സ്വദേശി ഡേവിഡിനേയും ഡൽഹിയിലെത്തിച്ചത്.ടിനു,വിനീത് എന്നിവരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ നടത്തിവരികയാണ്.