manu-mohan

ചെറുതോണി: സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമൺ പശുപ്പാറ പുതുവീട്ടിൽ മനു മോഹനനാണ് (19) കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ ഇയാൾ പിടിയിലായത്. ഒരു വർഷക്കാലമായി സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ 17കാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് വാഗമൺ സ്വദേശിയായ 19കാരൻ അറസ്റ്റിലായത്. ഇടയ്ക്കിടെ ഇയാൾ കഞ്ഞിക്കുഴിയിലെ 17കാരിയുടെ വീട്ടിലെത്തിയാണ് പീഡനം തുടർന്നത്. സംഭവത്തിൽ വീട്ടുകാർ പരാതിപ്പെട്ടതോടെ കഞ്ഞിക്കുഴി പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
കഴിഞ്ഞദിവസം കഞ്ഞിക്കുഴിയിൽ എത്തിയ ഇയാളെ തന്ത്രപൂർവ്വം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാളിൽ നിന്ന് മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.