ഇരിങ്ങാലക്കുട : സ്വകാര്യ ബസിൽ നിന്നും വൃദ്ധനെ കണ്ടക്ടർ ചവിട്ടി പുറത്തേക്കിട്ടെന്ന് പരാതി. യാത്രികന് റോഡിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. കരുവന്നൂർ എട്ടുമന സ്വദേശിയായ മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് (68) പരിക്കേറ്റത്. റോഡിൽ വച്ചും പവിത്രനെ ബസ് ജീവനക്കാർ മർദ്ദിച്ചു. തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരികയായിരുന്ന ശാസ്ത എന്ന ബസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ആദ്യം മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പവിത്രനെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ശാസ്ത എന്ന ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലറ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കരുവന്നൂർ പുത്തൻതോട് ബസ് സ്റ്റോപ്പിന് സമീപം പവിത്രനെ കണ്ടക്ടർ ചേർപ്പ് ഊരകം സ്വദേശി കടുകപറമ്പിൽ രതീഷ് ചവിട്ടുകയും പവിത്രൻ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ് തടഞ്ഞിട്ട നാട്ടുകാർ പവിത്രനെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.