പാലക്കാട്: നിയമ വിരുദ്ധമായി തോക്ക് കൈവശം വച്ചതിന് അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയും ചെയ്ത പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. കൊച്ചുമുറി ഓച്ചിറ കൊല്ലം ഓച്ചിറ സൗത്ത് കൊച്ചുമുറി സ്വദേശി വിനീത് തമ്പിയെ ആണ് എറണാകുളത്തെ ഫ്ളാറ്റിൽ നിന്നും കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ൽ പാലക്കാട് ചന്ദ്രനഗറിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 20 ഗ്രാം മെത്തഫറ്റമിൻ, കത്തി, തോക്ക് എന്നിവ പിടികൂടിയ കേസിൽ വിനീതും ആലപ്പുഴ സ്വദേശിയും യൂട്യൂബറുമായ വിക്കി തഗ് എന്ന വിഘ്‌നേഷും അറസ്റ്റിലായിരിന്നു. കത്തിയും തോക്കും കൈവശം വച്ചതിന് പാലക്കാട് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയെങ്കിലും ജാമ്യം നിരസിച്ചു. തുടർന്ന് പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
വിഘ്‌നേഷ് ഇപ്പോഴും ഒളിവിലാണ്. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയാൻ ഇയാളെ കൂടി പിടികൂടേണ്ടതുണ്ട്. കസബ ഇൻസ്പെക്ടർ വി.വിജയരാജിന്റെ നിർദേശപ്രകാരം എസ്.ഐ എച്ച്.എ.ഹർഷാദ്, എസ്.ഐമാരായ സുനിൽ, രജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.രാജീദ്, എസ്.ഷനോസ്, ലൈജു എന്നിവരാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.