
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തായ കരവാരത്ത് പാർട്ടിക്ക് വൻ തിരിച്ചടി. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി .എം എന്നിവർ പാർട്ടി വിട്ട് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ ബി.ജെ.പി മുൻ കൗൺസിലർ സംഗീതാ റാണിയും സി.പി.എമ്മുമായി സഹകരിക്കും. മൂന്ന് പേരെയും ആറ്റിങ്ങലിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയി സ്വീകരിച്ചു. വി.മുരളീധരന്റെയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും സ്ത്രീവിരുദ്ധ നിലപാടുകളാണ് പാർട്ടി വിടാൻ കാരണമെന്ന് പാർട്ടി വിട്ടവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സ്ത്രീകളെ പാർട്ടിയിൽ നിന്ന് പൂർണമായി തഴയുകയെന്നതാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നിലപാടെന്നും ഇതിനെതിരെ പരാതി പറയാൻ വി.മുരളീധരനെ സമീപിച്ചപ്പോൾ ദുരനുഭവമാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനവൂർ നാഗപ്പൻ, എ.എ.റഹീം എം പി, ആർ. രാമു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വലിയ കൊഴിഞ്ഞുപോക്കാണ് ബി.ജെ.പിയിലേത്. നേരത്തെ വക്കം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികൾ രാജിവച്ച് സി.പി.എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.