തിരുവനന്തപുരം: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസ് വളപ്പിൽ കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തിൽ എരുമേലി റെയ്ഞ്ച് ഓഫീസർ ബി.ആർ.ജയൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. അജയ് എന്നിവരെ സസ്പെൻഡ് ചെയ്തു. അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണന്റേതാണ് ഉത്തരവ്. സംഭവത്തിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.എസ്. സജി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി. അജിത്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സാം കെ.സാമുവൽ, സൗമ്യ എസ് . നായർ, രാജിമോൾ, ഫോറസ്റ്റ് വാച്ചർ രേഖ എന്നിവരെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ കഞ്ചാവുചെടി കണ്ടെത്തിയത്. ഓഫീസ് വളപ്പിൽ കഞ്ചാവുചെടി വളർത്തിയ വിവരം അറിഞ്ഞിട്ടും റെയ്ഞ്ച് ഓഫീസർ ജയൻ നടപടി സ്വീകരിച്ചില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ചെടി വച്ചുപിടിപ്പിച്ചെന്ന് കരുതുന്ന ജീവനക്കാരൻ അജേഷ് ബാലകൃഷ്ണന്റെ മൊഴി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ശേഷം അയാളിൽ നിന്ന് ഒപ്പിട്ടുവാങ്ങിയ പേപ്പറിൽ
വസ്തുതാവിരുദ്ധമായ വിവരങ്ങൾ എഴുതിച്ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി. തനിക്കെതിരെ പരാതി നൽകിയ ജീവനക്കാരെ അജേഷിനെ സ്വാധീനിച്ച് കേസിൽപ്പെടുത്താൻ ശ്രമിച്ചു. അജേഷിന്റെ മൊഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. റെയ്ഞ്ച് ഓഫീസറുടെ ഈ ചെയ്തികൾ വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.