തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എം.എം പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപത്തുണ്ടായ പൈപ്പ് പൊട്ടൽ പരിഹരിച്ചിട്ടും തുള്ളി കുടിക്കാനില്ലാതെ ജനങ്ങൾ. അറ്റകുറ്റപ്പണികൾ ചൊവ്വാഴ്ച രാത്രി പൂർത്തിയാക്കുമെന്നാണ് ജല അതോറിട്ടി അറിയിച്ചിരുന്നത്.എന്നാൽ, അന്ന് ഉച്ചയോടെ തന്നെ പണികൾ പൂർത്തിയാക്കി പമ്പിംഗ് തുടങ്ങുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇന്നലെ രാത്രിയായിട്ടും വെള്ളം ലഭിച്ചില്ല. വെള്ളം ലഭിക്കാതെ വന്നതോടെ ജനങ്ങൾ ജല അതോറിട്ടിയുടെ കഴക്കൂട്ടം വിഭാഗത്തിൽ ബന്ധപ്പെട്ടപ്പോൾ നാളെ വൈകിട്ടാവും എന്നാണ് അധികൃതർ നൽകിയ മറുപടി. പിന്നീട് പലതവണ ജനങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ അധികൃതർ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുംമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്‌നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നിവിടങ്ങളിലെല്ലാം നാളുകളായി കടുത്ത ജലക്ഷാമം അനുഭവപ്പെടുകയാണ്. പരാതി പറയുമ്പോൾ ലൈനിൽ മർദ്ദമില്ല, ഉയർന്ന പ്രദേശം എന്നൊക്കെപ്പറഞ്ഞ് കൈകഴുകുന്ന രീതിയാണ് ജല അതോറിട്ടിയുടേതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. മുമ്പൊക്കെ എല്ലാ ദിവസവും പൈപ്പുവെള്ളം കിട്ടിയിരുന്നു.പിന്നീടത് ആഴ്ചയിൽ മൂന്നു ദിവസവും തുടർന്ന് ഒരു ദിവസവുമായി മാറി.രണ്ടാഴ്ചയായി തുള്ളി വെള്ളം പോലും പൈപ്പിലൂടെ വരുന്നില്ല. വിദ്യാർത്ഥികളും പ്രായമായവരും കൂടുതലുള്ള മേഖലയാണിത്. കുടിവെള്ളത്തിനും പാചകത്തിനും പണം കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയാണ്.