തിരുവനന്തപുരം:ഇനിയുള്ള ദിവസങ്ങൾ വിഘ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോകാൻ തന്റെ ഇഷ്ടദൈവമായ ഗണപതിയുടെ അനുഗ്രഹം തേടി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി.തുടർന്ന് പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്.നെയ്യാറ്റിൻകരയിലെ യുവസംരംഭകൻ ആരംഭിച്ച ഐ.എ.എസ് അക്കാഡമി ബേക്കറി ജംഗ്ഷനിൽ തരൂർ ഉദ്ഘാടനം ചെയ്തു. പിന്നീട് മുൻ എം.പി എ.ചാൾസിന്റെ പാറ്റൂരിലുള്ള സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തു.ഉച്ചയ്ക്ക് രണ്ടോടെ നാമനിർദ്ദേശ കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പിന്നീട് വെള്ളയമ്പലത്ത് ലത്തീൻ രൂപത സംഘടിപ്പിച്ച സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിലും തുടർന്ന്‌ പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ ഐ.എൻ.ടി.യു.സി സംഘടപ്പിച്ച പരിപാടിയിലും പങ്കെടുത്തു.പൊഴിയൂരിലെ മത്സ്യത്തൊഴിലാളി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തരൂർ പ്രചാരണം അവസാനിപ്പിച്ചത്.

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തോടെയാണ് ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രചാരണം തുടങ്ങിയത്. തുടർന്ന് ബാലരാമപുരത്ത് വിവിധ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. ശാലി ഗോത്രത്തെരുവിൽ നിരവധി കുടുംബങ്ങളെ കണ്ടു. പുന്നക്കാട് വാർഡിൽ പാരമ്പര്യ നെയ്ത്തുശാലകൾ നേരിട്ടു കണ്ടു. പിന്നാലെ ബാലരാമപുരത്തെ എച്ച്.എൽ.എൽ യൂണിറ്റും സന്ദർശിച്ചു. തൊഴിലാളികളോട് സംവദിച്ച രാജീവ് ചന്ദ്രശേഖർ അവരുന്നയിച്ച ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. പഴറ്റുവിള പൊറ്റയിൽ കോളനിയിൽ നൂറോളം കുടുംബങ്ങളെയും കണ്ടു. വെള്ളയമ്പലത്ത് ലത്തീൻ അതിരൂപയുടെ രാഷ്ട്രീയകാര്യ സമിതി സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനൊപ്പം പങ്കെടുത്തു. വൈകിട്ട് മണക്കാട് ഏരിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു കാര്യാലയം ഉദ്ഘാടനം ചെയ്തു.