സംഘം ലക്ഷ്യമിട്ടത് വൻ ആക്രമണം
മണ്ണന്തല:തലസ്ഥാനത്ത് മണ്ണന്തലയിൽ നാടൻബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ വൻ സ്‌ഫോടനത്തിൽ 17 കാരന്റെ രണ്ട് കൈപ്പത്തിയും ചിന്നിച്ചിതറി. നെടുമങ്ങാട് കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശിയായ 17 കാരന്റെ രണ്ട് കൈപ്പത്തിയാണ് ചിന്നിച്ചിതറിയത്.ഇതുകൂടാതെ നാലുയുവാക്കൾക്കും പരിക്കേറ്റു.
വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), വട്ടപ്പാറ സ്വദേശി കിരൺ (19),കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18) , ഒരു പതിനേഴുകാരൻ എന്നിവർക്കാണ് പരിക്ക്.ഇതിൽ 17 കാരനും അഖിലേഷും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അനിജിത്ത്, കിരൺ എന്നിവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടിയാണ് സംഭവം. മണ്ണന്തല സ്റ്റേഷൻ പരിധിയിൽ മുക്കോലയ്ക്കലിൽ ഒരു പാർക്കിനു സമീപത്തെ ഒഴിഞ്ഞ പ്ളോട്ടിനടുത്താണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ സുഹൃത്തുക്കൾ മരച്ചുവട്ടിലിരുന്ന് ബോംബുനിർമ്മിക്കുകയായിരുന്നു. അമിട്ട് രൂപത്തിലുള്ള നാടൻ ബോംബാണ് ഇവർ നിർമ്മിച്ചുകൊണ്ടിരുന്നത്. അധികം ആളനക്കമില്ലാത്ത സ്ഥലമായതിനാൽ സംഭവത്തെക്കുറിച്ച് ആദ്യം പുറത്തറിഞ്ഞില്ല. അനിരുദ്ധ് , അഖിലേഷ്, കിരൺ എന്നിവരുടെ കൈപ്പത്തികൾക്കും ഗുരുതരമായി പരിക്കേറ്റു. സംഭവം നടന്നയുടനെ അവിടെനിന്ന് ബോധരഹിതനായ കൈപ്പത്തികൾ അറ്റ 17 കാരനെയും എടുത്ത് സംഘം മെയിൻ റോഡിലെത്തി.
ഓട്ടോറിക്ഷ വിളിച്ചാണ് സംഘം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവർ പറഞ്ഞത്.മുക്കോലയ്ക്കൽ സമീപത്തെ വീട്ടുകാർ ശബ്ദം കേട്ടുവന്ന് നോക്കിയപ്പോൾ ആദ്യം ഒന്നും കണ്ടില്ല.തുടർന്ന് കുറച്ച് ഉള്ളിലോട്ട് പുകപടലവും വെടിമരുന്നിന്റെ ഗന്ധവും മണത്തു.ബോംബുണ്ടാക്കിയ മരത്തിന്റെ ചുവട്ടിലെത്തിയപ്പോഴാണ് ചോരയും ചിന്നിച്ചിതറിയ കൈപ്പത്തിയുടെ ചെറിയ ഭാഗവും കണ്ടത്.ഉടൻ തന്നെ ഇവർ മണ്ണന്തല പൊലീസിനെ വിവരമറിയിച്ചു. പരിക്കേറ്റതുകൊണ്ട് ഇവർ ചികിത്സ തേടാമെന്ന നിഗമനത്തിലാണ് മെഡിക്കൽ കോളേജിൽ എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ബോംബുനിർമ്മാണത്തിന് കൊണ്ടുവന്ന കരിമരുന്നും മറ്റു സാധനസാമഗ്രികളും പൊലീസ് പിടികൂടി.
പൊലീസിനെ ആക്രമിക്കാൻ ലക്ഷ്യം
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ബോംബ് നിർമ്മാണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.പൊലീസിനെ ആക്രമിക്കാനുള്ള ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നുവെന്നാണ് സൂചന. ഇതേപറ്റി പൊലീസ് അന്വേഷിക്കുകയാണ്. തലസ്ഥാന നഗരത്തിൽ തന്നെയുള്ള എതിർ ഗുണ്ടാസംഘങ്ങളെ ആക്രമിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. അതിനുവേണ്ടിയാണ് ധൃതിപിടിച്ച് ആളൊഴിഞ്ഞ സ്ഥലം വേഗത്തിൽ കണ്ടുപിടിച്ചു നാടൻ ബോംബ് നിർമ്മിച്ചത്.ഇന്നോ നാളെയോ ബോംബ് ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിട്ടിയിരുന്നതായും പറയുന്നു.
പ്രതികളെല്ലാം 20 വയസിൽ താഴെ
പ്രതികൾക്കെല്ലാം 20 വയസിൽ താഴെയാണ്.നാല് പേർക്കും തലസ്ഥാന നഗരത്തിൽ തന്നെ ബോംബ് നിർമ്മാണം,മോഷണം,അടിപിടി,വധശ്രമം കേസുകളുണ്ട്.പ്രായപൂർത്തിയാകുന്നതിന് മുന്നേ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവർ വളർന്നപ്പോൾ ഗുണ്ടാ ബന്ധമുണ്ടാക്കിയെടുത്തെന്നാണ് പൊലീസ് നിഗമനം.പ്രതികളിലൊരാൾ തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ ജോലി ചെയ്തിരുന്നതായി ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൈപ്പത്തി തുന്നിചേർക്കാനാകാത്ത വിധമാണ് ചിന്നിച്ചിതറിയത്.ഇവർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.കസ്റ്റഡിയലുള്ളവരെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുന്നു.