
നെടുമങ്ങാട് : കളമൊരുക്കൽ പൂർത്തിയാക്കി സ്ഥാനാർത്ഥികൾ അങ്കത്തട്ടിലേറിയതോടെ പ്രവർത്തകർ ഉഷാർ. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ കരുതലോടെയുള്ള പ്രചാരണം. മൂന്നാംഘട്ട പോസ്റ്ററുകളും ഫ്ലക്സും നിരന്നു.കവലകളിൽ ആരോപണ-പ്രത്യാരോപണങ്ങളും ഡിജിറ്റൽ വാൾ പ്രചാരണവും തകൃതിയായി.സീറ്റ് നിലനിറുത്താൻ യു.ഡി.എഫിന്റെ സിറ്റിംഗ് എം.പി അടൂർ പ്രകാശും എൽ.ഡി.എഫിന് നഷ്‌ടമായ മണ്ഡലം തിരിച്ചുപിടിക്കാൻ വർക്കല എം.എൽ.എ വി.ജോയിയും താമര വിരിയിക്കാൻ കേന്ദ്ര മന്ത്രി വി.മുരളീധരനും കച്ചമുറുക്കുമ്പോൾ പൊടിപാറുന്നത് ശക്തമായ ത്രികോണ മത്സരം.വി.മുരളീധരനു പിറകേ വി.ജോയി ഇന്നലെ പത്രിക നൽകി. ഇന്ന് അടൂർ പ്രകാശ് നൽകും.മുന്നണികൾ പുതിയ അടവുകളും ചുവടുകളും പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.ജോയിയുടെ പത്രിക സമർപ്പണം ഇടതു ചേരി യുവജനോത്സവമായി കൊണ്ടാടി.മുഴുവൻ നിയമസഭ മണ്ഡലം കേന്ദ്രങ്ങളിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ള പ്രവർത്തകർ ഒഴുകിയെത്തി.തലപ്പൊക്കം ചെന്ന നേതാക്കളുടെ വൻനിരയുമുണ്ടായിരുന്നു.തിരക്കിനിടയിലും,പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുൻ സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ മാണിക്കൽ എം.അനിൽകുമാറിന്റെ ദേഹവിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.കരവാരം പഞ്ചായത്തിൽ ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലെത്തിയ പ്രവർത്തകരെയും സന്ദർശിച്ചു.ഇന്ന് കാട്ടാക്കടയിലെ കൊറ്റംപള്ളിയിൽ സ്വീകരണ പര്യടനം പുനരാരംഭിക്കും.രാത്രി നരുവാമൂട് നാടുക്കാട് സമാപിക്കുമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എസ്.ചന്ദ്രബാബുവും ജനറൽ കൺവീനർ എം.എം.ബഷീറും അറിയിച്ചു.യു.ഡി.എഫ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു അടൂർ പ്രകാശ്.പാർലമെന്റ് മണ്ഡലം ഇലക്ഷൻ ചെയർമാൻ കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ,പാലോട് രവി എന്നിവർക്ക് പുറമെ നിയമസഭ മണ്ഡലം ചെയർമാന്മാരും ജനറൽ കൺവീനർമാരും പങ്കെടുത്തു.മുൻ ഗവർണർ വക്കം പുരുഷോത്തമന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്.ആറ്റിങ്ങൽ പാലസ് റോഡിലെ ശ്രീമുത്തുമാരി അമ്മൻ ദേവസ്ഥാനത്ത് ദർശനം നടത്തിയാണ് വി. മുരളീധരൻ ബുധനാഴ്ച പ്രചാരണത്തിന് തുടക്കം കുറിച്ചത്.തമിഴ് വിശ്വകർമ്മജ സമുദായ അംഗങ്ങളുമായി കൂടികാഴ്ച നടത്തി.ബി.ജെ.പി അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷിന്റെ വീട് സന്ദർശിച്ച് മുത്തശ്ശിയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു. പ്രദേശവാസികളുമായി ആശയവിനിമയവും നടത്തി. ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണ നേട്ടങ്ങൾ പങ്കുവച്ചു. ഡോ. ആശാലത തമ്പുരാനും, പ്രിൻസിപ്പൽ ഡോ.റുബൻദേവ് പ്രകാശും മറ്റ് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്ത കടയ്ക്കാവൂർ മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കാര്യാലയം സന്ദർശിച്ച അദ്ദേഹം അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.വൈകിട്ട് വെമ്പായത്ത് പി.സി.ജോർജ് ഉദ്ഘാടകനായ കൺവെൻഷനിലും ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. ഇന്ന് ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പം വികസന ചർച്ച നയിക്കും. നാളെ കാട്ടാക്കടയിൽ സ്വീകരണ പര്യടനം ആരംഭിക്കും.