
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങൾ തലപൊക്കുന്നു. തിരഞ്ഞെടുപ്പുകൂടി പ്രഖ്യാപിച്ച സാഹചര്യത്തിലുണ്ടാകുന്ന ഇത്തരം കേസുകൾ പൊലീസിനും തലവേദനയാണ്.മണ്ണന്തലയിൽ ബോംബ് നിർമ്മാണത്തിനിടെ 17കാരന്റെ കൈപ്പത്തിയറ്റ സംഭവം തിരഞ്ഞെടുപ്പ് പശ്ചാത്തലം കൂടി കണക്കിലെടുത്ത് പൊലീസ് വളരെ ഗൗരവമായാണ് കാണുന്നത്.
രാഷ്ട്രീയ പശ്ചാത്തലമില്ലെങ്കിലും തലസ്ഥാനത്ത് ഇത്തരത്തിലൊരു സ്ഫോടനമുണ്ടായ സാഹചര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ യോഗം ചേർന്ന് സംഭവം വിലയിരുത്തി.ഒരു പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഗുണ്ടാസംഘങ്ങൾക്കെതിരെ അന്വേഷണം നടത്തി ഗുണ്ടകളെ കസ്റ്റഡിയിലെടുക്കാൻ തീരുമാനമായിട്ടുണ്ട്.
സ്ഫോടനം നടന്ന പ്രദേശത്ത് പ്രതികൾ സ്ഥിരമായി വരാറുള്ളതായി പൊലീസ് സംശയിക്കുന്നു.ഈ പ്രദേശത്ത് നാട്ടുകാർ പോലും അധികം പോകാറില്ല. പ്ളോട്ടായി തിരിച്ച് വില്പനയ്ക്ക് ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗം കാടുപിടിച്ച നിലയിലാണ്. അടുത്ത് വീടുകളില്ല.സംഘം തമിഴ്നാട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ വാങ്ങിയതെന്നാണ് സൂചന.ഇവർക്ക് പടക്കം നിർമ്മിച്ച് മുൻപരിചയമുണ്ടെന്നും പൊലീസ് പറയുന്നു.രാത്രിയിലെ വിശദമായ പരിശോധനയിലാണ് മരത്തിന്റെ ചുവട്ടിൽ നിന്ന് ചിന്നിച്ചിതറിയ കൈപ്പത്തിയുടെ ഒരു ഭാഗം കണ്ടെത്തിയത്.നെടുമങ്ങാട്,വട്ടപ്പാറ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുണ്ട്.
തുടരെത്തുടരെ ആക്രമണങ്ങൾ
പ്രധാന ഗുണ്ടാനേതാക്കളായ പുത്തൻപാലം രാജേഷിനെയും ഓംപ്രകാശിനെയും പൊലീസ് പൂട്ടിയെങ്കിലും നഗരത്തിൽ പലയിടത്തും ഗുണ്ടാസംഘങ്ങൾ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. മാർച്ചിൽ ചാക്ക ശാസ്താനഗറിലെ ബി.എം.എസ് യൂണിയൻ കൺവീനർ സാബുവിന്റെ റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്തുള്ള വർക്ക്ഷോപ്പിന് മുന്നിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ ഗുണ്ടാസംഘം അടിച്ചുതകർത്തു.കഴിഞ്ഞയാഴ്ച കരിക്കകം ക്ഷേത്രത്തിൽ പരിപാടിക്കിടെ ഗുണ്ടാസംഘം യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചിരുന്നു.
മാസങ്ങൾക്ക് മുൻപ് കരിമഠം കോളനിയിൽ യുവാവിനെ വെട്ടികൊന്നിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ വധശ്രമക്കേസ് പ്രതി കോളനിയിലെത്തി കത്തിവീശി ഭീഷണി മുഴക്കിയതും ഗുണ്ടാസംഘങ്ങളുടെ വിഹാരത്തിന്റെ ഉദാഹരണമാണ്.സിറ്റി പൊലീസിന്റെ ഗുണ്ടാവാഴ്ചയ്ക്കെതിരെയുള്ള ആഗ് പദ്ധതി നിർജ്ജീവമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.