
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രേഡിംഗ് ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളായ മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. മഞ്ചേരി എൻ.എസ്.എസ് കോളേജിലെ മാടൻറോഡ് മാടൻകോഡ് ഹൗസിൽ ശിവദാസൻ, പുൽപ്പറ്റ കാരപ്പറമ്പിൽ അഷറഫ്, മഞ്ചേരി പുതുപ്പറമ്പിൽ പി.പി. ഷാജിമോൻ എന്നിവരെയാണ് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത 90 ലക്ഷം രൂപയിൽ 70 ലക്ഷത്തോളം രൂപ മലപ്പുറത്തുള്ള സഹകരണ ബാങ്കിലേക്കാണ് കൈമാറിയത്. ഇത് പിന്തുടർന്ന് നൂതന സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബർ പൊലീസ് ടീം പ്രതികളുടെ വിവരം ശേഖരിച്ചായിരുന്നു അന്വേഷണം. തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഓൺലൈൻ ട്രേഡിംഗിലൂടെ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പരാതിക്കാരനിൽനിന്ന് പ്രതികൾ പണം വാങ്ങി. നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതോടെയാണ് യുവാവ് പരാതി നൽകിയത്. സൈബർ പൊലീസ് സ്റ്റേഷൻ അസി. കമ്മിഷണർ ഹരി, ഇൻസ്പെക്ടർ കെ.എസ്. ജയൻ, എസ്.ഐ. വിഷ്ണു, എസ്.സി.പി.ഒ ബിനുലാൽ, സി.പി.ഒമാരായ ശബരിനാഥ്, സമീർഖാൻ, വിഷ്ണു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നേതൃത്വം നൽകിയത്. ഇത്തരത്തിലുള്ള തട്ടിപ്പിൽ കോടിക്കണക്കിന് രൂപ കേരളത്തിൽനിന്ന് വിവിധ സംഘങ്ങൾ തട്ടിച്ചതായുള്ള നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് അന്വേഷകസംഘം വ്യക്തമാക്കി.