ss

പൃഥ്വിരാജ് നായകനായി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം ആഗോളതലത്തിൽ 100 കോടിയുടെ അരികിൽ. അതിവേഗം 50 കോടി, 75 കോടി എന്നീ റെക്കാഡുകൾ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുക്കുന്നു. ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.

ഇതോടെ ആർ.ഡി.എക്‌സ്, നേര്, ഭീഷ്മപർവ്വം, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളുടെ കളക്‌ഷൻ ആടുജീവിതം മറികടന്നു. ഇനി മഞ്ഞുമ്മൽ ബോയ്‌സ്, 2018, പുലിമുരുകൻ, പ്രേമലു, ലൂസിഫർ എന്നീ ചിത്രങ്ങളാണ് നിലവിൽ ഏറ്റവും അധികം കളക്‌ഷൻ നേടിയ മലയാളം സിനിമകൾ. മഞ്ഞുമ്മൽ ബോയ്‌സിനും പ്രേമലുവിനും ശേഷം പ്രേക്ഷകരുടെ മനം കവർന്ന ചിത്രമാവുകയാണ് ആടുജീവിതം.ബോളിവുഡ്, ടോളിവുഡ് സിനിമകളെയും മറികടക്കുകയാണ് ആടുജീവിതം.

കഴിഞ്ഞ 24 മണിക്കൂറിലാണ് ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. ഒരു ദിവസം കൊണ്ട് 1.06 ലക്ഷം ടിക്കറ്റുകളാണ് ആടുജീവിതം വിറ്റത്. രണ്ടാം സ്ഥാനത്ത് ഹോളിവുഡ് ചിത്രം ഗോഡ്‌സില്ലയ്ക്ക് 58,000 ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം തില്ലു സ്ക്വയർ 52,000 ടിക്കറ്റുകളും നാലാം സ്ഥാനത്ത് ഹിന്ദി ചിത്രം ക്രൂ 51,000 ടിക്കറ്റുകളുമാണ് ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറിൽ വിറ്റിരിക്കുന്നത്.