തിരുവനന്തപുരം: തിരുവനന്തപുരം ലോക് സഭാമണ്ഡലത്തിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരും എൻ.ഡി.എ പ്രതിനിധി രാജീവ് ചന്ദ്രശേഖറും മത്സരിക്കുന്നതെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും. കഴിഞ്ഞ 15 വർഷങ്ങളായി നടത്തിയ വഞ്ചനയും അവഗണനയും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങൾ പന്ന്യൻ രവീന്ദ്രന് വോട്ടുചെയ്യുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദുരന്തങ്ങൾ ഉണ്ടായ ഘട്ടങ്ങളിലൊന്നും ശശി തരൂർ മുന്നിട്ടിറങ്ങിയിട്ടില്ല. എം.പി ഫണ്ടിൽ നിന്നോ കേന്ദ്ര പ്ളാൻ ഫണ്ടിൽ നിന്നോ ഒരു രൂപപോലും മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ല. ഇക്കാര്യത്തിൽ താൻ ശശിതരൂരിനെ വെല്ലുവിളിക്കുകയാണെന്നും വെല്ലുവിളി തരൂർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശിവൻകുട്ടി പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്രുകൾ സ്ഥാപിക്കാൻ അദ്ധ്വാനമൊന്നും വേണ്ട. മത്സ്യമേഖലയ്ക്കും ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയും കേന്ദ്രത്തിന് കോടികളുടെ ഫണ്ടുണ്ടെങ്കിലും ഒരു പദ്ധതിയെങ്കിലും സമർപ്പിക്കാൻ എം.പിക്ക് കഴിഞ്ഞോ. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾ ഒരു അഭിപ്രായവും പറയാൻ തയ്യാറായില്ല. പൂട്ടലിന്റെ വക്കോളമെത്തിയ കഴക്കൂട്ടം സൈനിക സ്കൂൾ മുഖ്യമന്ത്രി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയും സംസ്ഥാന സർക്കാർ ആറുകോടി ചെലവിട്ടുമാണ് നിലനിറുത്തിയത്. തരൂർ പോകുമ്പോൾ ആളു കൂടുന്നതും വീട്ടമ്മമാർ ജനാലകളിൽ കൂടി നോക്കുന്നതും അഞ്ച് വർഷത്തിനു ശേഷം കാണുന്നതിനാലാണ്- ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ, പൊതുമരാമത്ത് മേഖലകളിൽ സംസ്ഥാനത്തും തിരുവനന്തപുരത്തും നടന്ന വികസന പ്രവർത്തനങ്ങളിൽ 15 വർഷം എം.പി ആയി പ്രവർത്തിച്ചയാൾക്ക് ഒരു പങ്കുമില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച്, ബാഴ്സലോണ മാതൃകയിൽ ഇരട്ട നഗരം, റെയിൽവേ വികസനം, എയിംസ് തുടങ്ങി മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോയെന്നും എം.പി വിശദീകരിക്കണം. കുറ്റബോധത്തോടെയുള്ള വികസന രേഖയാണ് അദ്ദേഹം പുറത്തിറക്കിയിട്ടുള്ളതെന്നും അനിൽ ചൂണ്ടിക്കാട്ടി.

എം.എൽ.എമാരായ ആന്റണിരാജു, കെ.ആൻസലൻ, വി.കെ.പ്രശാന്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.