arate

മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ആറാട്ടോടെ സമാപിച്ചു. ഇന്നലെ വൈകുന്നേരം 4 നും 4.30 നും മദ്ധ്യേയായിരുന്നു തൃക്കൊടിയിറക്കിയത്. ക്ഷേത്ര തന്ത്രിയുടെ പ്രതിനിധി ദേവ ചൈതന്യം വിഗ്രഹത്തിൽ ആവാഹിച്ച് ആറാട്ടിനൊരുങ്ങി. ഗജവീരന്മാരായ പാമ്പാടി സുന്ദരൻ തിടമ്പേറ്റി.ഗുരുവായൂർ ഗോകുലും മൗട്ടത്ത് രാജേന്ദ്രനും അനുഗമിച്ചു. ആറാട്ട് കാണാൻ വൻ ജനാവലിയെത്തിയിരുന്നു. പഞ്ചവാദ്യ താളലയത്തിൽ ആറാട്ട് എഴുന്നള്ളി. ഘോഷയാത്ര മലയിൻകീഴ് ജംഗ്ഷനും പരിസരപ്രദേശങ്ങളും ജനസമുദ്രമാക്കി.ജംഗ്ഷനിൽ നിന്ന് 6.30 മണിയോടെ മേപ്പൂക്കട കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലേക്കായിരുന്നു ആറാട്ട്.രാത്രി 9 ന് കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരിച്ചെഴുന്നെള്ളി .നിറപറ,തട്ടപൂജ സമർപ്പണത്തോടെ മലയിൻകീഴ് ജംഗ്ഷനിൽ എതിരേറ്റു.തുടർന്ന് പഞ്ചവാദ്യം,ആചാരവെടിയോടെ ആറാട്ടിന് സമാപ്തിയായി.