തിരുവനന്തപുരം: ജനറൽ ആശുപത്രിക്കു സമീപത്തെ സർക്കാർ പ്രസിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസ് മുറിയുടെ താക്കോലും മുറിയിൽ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായി. പരിശോധനയിൽ പ്രസിലെ അലമാരയുടെ അടിയിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മേശയുടെ താക്കോൽ കണ്ടെത്തി. സംഭവത്തിൽ പ്രസിലെ ജൂനിയർ സൂപ്രണ്ടിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഡെപ്യൂട്ടി സൂപ്രണ്ട് ജയകുമാർ ഓഫീസ് പൂട്ടി താക്കോൽ ടൈം ഓഫീസിൽ ഏല്പിച്ച് ചായകുടിക്കാൻ പോയി തിരികെ എത്തിയപ്പോഴാണ് താക്കോൽ നഷ്ടപ്പെട്ടതായി അറിയുന്നത്. പ്രസിലെ ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ച ഡെപ്യൂട്ടി സൂപ്രണ്ട് കാര്യങ്ങൾ വിശദീകരിച്ചു. താക്കോൽ ആരെങ്കിലും എടുത്തെങ്കിൽ തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് ജൂനിയർ സൂപ്രണ്ടിന്റെ സീറ്റിന് സമീപത്തെ അലമാരയുടെ കീഴിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മേശയുടെ താക്കോൽ ലഭിച്ചത്.
വിവരമറിഞ്ഞെത്തിയ വഞ്ചിയൂർ പൊലീസ് ഓഫീസ് മുറിയുടെ പൂട്ട് മുറിച്ച് അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് ഫയലുകൾ നഷ്ടമായെന്ന് അറിയുന്നത്. ജൂനിയർ സൂപ്രണ്ട് വി.വി.ഷീജയ്ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങളടങ്ങിയ ഫയലുമാണ് നഷ്ടമായത്. ജീവനക്കാർ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്നറിയുന്നു.
ടൈം ഓഫീസ് ചുമതലക്കാരിയും സി.ഐ.ടി.യു വിഭാഗം പ്രസ് ജീവനക്കാരുടെ സംഘടനാ നേതാവുമായ ആത്തിക്കബീവിയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട്,ജൂനിയർ സൂപ്രണ്ടായ ഷീജയ്ക്കെതിരെ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ പേരിൽ ഷീജയ്‌ക്ക് തന്നോട് അമർഷമുണ്ടെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഭാര്യയുടെ രോഗവുമായി ബന്ധപ്പെട്ട ഫയലുകളും ഓഫീസ് മുറിയിൽ നിന്ന് നഷ്ടമായിരുന്നു.
മുമ്പ് മണ്ണന്തല പ്രസിൽ ജോലി ചെയ്‌തിട്ടുള്ള ജൂനിയർ സൂപ്രണ്ടിനെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. വിവിധ വകുപ്പുകളുടെ ഭരണസംബന്ധമായ റിപ്പോർട്ടുകളും പരീക്ഷാ ചോദ്യപേപ്പർ,മറ്റ് ഓഫീസ് ഫയലുകൾ അടക്കമുള്ളവ അച്ചടിക്കുന്നത് ഈ പ്രസിലാണ്. വഞ്ചിയൂർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.