തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെയും കേരള രാഷ്ട്രീയത്തിലെയും ഓർമ്മകളുടെ ഈറ്റില്ലമായ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ചരിത്ര സമ്മേളനം നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് ഡോ.ശശി തരൂരിന്റെ മണ്ഡലപര്യടനം. രാവിലെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലീമിസ് ബസേലിയോസിനെ സന്ദർശിച്ചും മരുതൻകുഴി ശ്രീ ഉദിയന്നൂർ ദേവീക്ഷേത്ര ദർശനം നടത്തിയതിനും ശേഷമാണ് തരൂർ പര്യടനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചത്. ക്ഷേത്രത്തിൽ നിന്ന് മരുതൻകുഴി പുതിയപാലം വി.കെ.പി ലൈനിലെ ആദ്യ പോയിന്റിലെത്തുമ്പോൾ പ്രവർത്തകരുടെ മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിലായി.തുടർന്ന് കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാവല്ലൂർ, മേലത്തമേലെ, പേരൂർക്കട, പൈപ്പിൻമൂട്, കവടിയാർ, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിലെ പര്യടനം കഴിഞ്ഞ് പാങ്ങോട് ചിത്രാനഗറിൽ വിശ്രമം. ഉച്ചയ്ക്ക് മൂന്നോടെ ചിറ്റാറ്റിൻകരയിൽ നിന്ന് പര്യടനം പുനരാരംഭിച്ചു. വേട്ടമുക്ക് അറപ്പുര, വലിയവിള, തിട്ടമംഗലം, കുണ്ടമൺകടവ്,തോപ്പുമുക്ക്, മണ്ണറക്കോണം, മക്കോല, കാച്ചാണി,മണലയം പാപ്പാട്,മൂന്നാമൂട്, വെള്ളൈക്കടവ്, കുലശേഖരം, കൊടുങ്ങാനൂർ, തോപ്പുമുക്ക് വഴി കല്ലുമല വാഴോട്ടുകോണത്ത് സമാപിക്കുമ്പോൾ സമയം രാത്രി 9. ഇന്ന് നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ചെങ്കൽ, കാരോട്,കുളത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.

ഇന്നലെ നെയ്യാറ്റിൻകര അസംബ്ളി മണ്ഡലത്തിലായിരുന്നു പന്ന്യന്റെ പര്യടനം.മൂന്നാമത്തെ മണ്ഡല പര്യടനമായിരുന്നു ഇത്. രാഷ്ട്രീയക്കാരന്റെ ജാഡകളില്ലാതെ പന്ന്യൻ വോട്ടർമാരിലൊരാളായി നടന്നുനീങ്ങി. വിദ്യാർത്ഥികളും വീട്ടമ്മമാരും ഉൾപ്പെടെ സമൂഹത്തിലെ ആബാലവൃദ്ധം ജനതയും പ്രിയങ്കരനായ സ്ഥാനാർത്ഥിയെ വരവേൽക്കാനായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി. പന്ന്യൻരവീന്ദ്രന്റെ മൂന്നാം അസംബ്ളി മണ്ഡല പര്യടനമാണ് ഇന്നലെ നടന്നത്.രാവിലെ 8ന് നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ ഉദ്ഘാടനത്തിനിടെ അപ്രതീക്ഷിതമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തി.വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പേർ സ്ഥാനാർത്ഥിയെ വരവേൽക്കാനായി കാത്തുനിന്നു. രാത്രി വൈകി പഴയ ഉച്ചക്കടയിൽ പര്യടനം സമാപിച്ചു.