തിരുവനന്തപുരം: ഓട്ടം പോകാൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് കോടതി ആറുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 10 മാസം അധിക തടവ് അനുഭവിക്കണം. അഞ്ചാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി ഷിജു ഷെയ്‌ക്കാണ് ശിക്ഷിച്ചത്.
പള്ളിത്തുറ സ്റ്റേഷൻകടവ് സ്വദേശിയും ഓട്ടോഡ്രൈവറുമായ സലീമിനെ വെട്ടുകാട് ബാലനഗർ പുതുവൽ പുത്തൻവീട് സ്വദേശി ഉമിക്കരി മുരുകനെന്ന മുരുകനാണ് ആക്രമിച്ചത്. 2014 നവംബർ 17ന് വൈകിട്ടായിരുന്നു സംഭവം. ചാക്ക ഐ.ടി.ഐ ജംഗ്ഷനിൽ നിന്ന് പേട്ട ഭാഗത്തേക്ക് മുരുകൻ ഓട്ടം പോകാൻ വിളിച്ചപ്പോൾ വിസമ്മതിച്ച സലീമിനെ തുരുതുരാ കുത്തിപ്പരിക്കേല്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ് ഹാജരായി.