
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിൽ മാത്രം സ്ഥിതിചെയ്യുന്ന രണ്ട് വീടുകളിൽ ഇന്നലെ ദുഃഖം അണപൊട്ടിയൊഴുകി. അരുണാചൽ പ്രദേശിൽ ദുരൂസാഹചര്യത്തിൽ മരിച്ച മൂവർ സംഘത്തിലെ ഡോ.ദേവിയുടെയും സുഹൃത്ത് ആര്യയുടെയും വീടുകളാണ് തീരാദുഃഖത്തിലമർന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ദേവി, ഭർത്താവ് നവീൻ ഇവരുടെ സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹങ്ങൾ ബംഗളൂരുവിൽ നിന്ന് വിമാനത്തിൽ തലസ്ഥാനത്തെത്തിച്ചു. ദേവിയുടെയും ആര്യയുടെയും അടുത്ത ബന്ധുക്കളാണ് മൃതദേഹങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. നവീനിന്റെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോയി.ദേവിയുടെയും ആര്യയുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കൊണ്ടുപോയി എംബാമിംഗ് പൂർത്തിയാക്കി.ദേവിയുടെ മൃതദേഹം 2.45ന് വീടായ വട്ടിയൂർക്കാവ് മൂന്നാംമൂട്ടിലെ കാവ് എന്നുപേരുള്ള വീട്ടിലെത്തിച്ചു. മകളുടെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കളായ ബാലൻ മാധവനും ലതയും വിങ്ങിപ്പൊട്ടി. കരഞ്ഞു തളർന്ന ലതയെ ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.നീല നിറത്തിലുള്ള വിവാഹ സാരി പുതച്ചായിരുന്നു ദേവിയുടെ അന്ത്യയാത്ര. മകളുടെ മരണവിവരം അറിഞ്ഞതുമുതൽ തളർന്ന അവസ്ഥയിലായിരുന്നു ലത.എല്ലാ വേദനയും ഉള്ളിലൊതുക്കി ബാലൻ മാധവൻ ഭാര്യയെ ആശ്വസിപ്പിച്ചു.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയായ ബാലൻ മാധവന്റെ സൗഹൃദ വലയത്തിലുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ദേവിക്ക് അന്ത്യമോപചാരം അർപ്പിച്ചു. 4.30തോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
ഉച്ചയ്‌ക്ക് 2.20 ഓടെയാണ് ആര്യയുടെ മൃതദേഹം മേലത്തുമേലെ ശ്രീരാഗത്തിൽ (എം.എം.ആർ.എ 198) എത്തിച്ചത്. അടുത്തമാസം ഏഴിന് വിവാഹം നടക്കേണ്ട വീട്ടിൽ ചേതനയറ്റ് ആര്യ നിത്യനിദ്രയിലായിരുന്നു.അടുത്ത ബന്ധുക്കളും സമീപത്തുള്ളവരും നേരത്തെ തന്നെ വീട്ടിൽ എത്തിയിരുന്നു. ബന്ധുക്കൾ ചേർന്ന് ആംബുലൻസിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് എടുത്തു.മുറ്റത്ത് കിടത്തിയ മൃതദേഹത്തിൽ ബന്ധുക്കൾ കോടി പുതപ്പിച്ചു. ബന്ധുക്കൾ അന്തിമോപചാരമർപ്പിച്ച ശേഷമാണ് മാതാപിതാക്കളായ ജിബലാംബികയെയും അനിൽകുമാറിനെയും മകളുടെ ചേതനയറ്റ ശരീരം കാണാനായി കൊണ്ടുവന്നത്. ‘പൊന്നുമോളേ നീ പോയല്ലോ’ എന്ന അച്ഛന്റെ വിലാപത്തിനു മുന്നിൽ ബന്ധുക്കളും നാട്ടുകാരും നിസ്സഹയരായി.എന്റെ പൊന്നേ എന്നുവിളിച്ച് നിലവിളിച്ച ജിബലാംബികയെ ബന്ധുക്കൾ താങ്ങി.വി.കെ. പ്രശാന്ത് എം.എൽ.എയും ശ്രീകാര്യം ലേക്കോൾ ചെമ്പകയിലെ സഹപ്രവർത്തകരും അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു ശേഷം മൂന്നരയോടെ സംസ്കാരചടങ്ങുകൾക്കായി മൃതദേഹം ശാന്തികവാടത്തിലേക്ക് എടുത്തു. ആര്യയുടെ മൃതദേഹം കാണാൻ ഒരിക്കൽക്കൂടി കൂപ്പുകൈകളോടെ അനിൽകുമാറെത്തി. അനിൽകുമാറിന്റെ അനിയന്റെ മകൾ ശ്രീക്കുട്ടിയാണ് കർമ്മങ്ങൾ ചെയ്തത്.