തിരുവനന്തപുരം : കുരുത്തോലത്തൊപ്പിയണിഞ്ഞ കുഞ്ഞുമുഖങ്ങളിലേക്ക് ചിരിയും സ്നേഹവും വിതറി ചലച്ചിത്രതാരം ദർശന രാജേന്ദ്രൻ.സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പായ കിളിക്കൂട്ടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം.താരത്തെ മുന്നിൽക്കണ്ടതോടെ കുട്ടിപ്പട്ടാളത്തിന്റെ ആരവം പെരുമഴയായി പെയ്തു.കുഞ്ഞുവായിലെ വലിയ ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞും പൊട്ടിച്ചിരിച്ചും താരവും ചടങ്ങ് ആഘോഷമാക്കി.
കാലിലെ പരിക്കുമായാണ് താൻ 'ജയ ജയ ജയ ജയ ഹേ യിലെ സംഘട്ടന സീനുകൾ അഭിനയിച്ചതെന്നും ഈ സിനിമയ്ക്കായി രണ്ടുമാസം മാർഷൽ ആർട്സ് അഭ്യസിച്ചെന്നും സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് ദർശന മറുപടി പറഞ്ഞു. അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ഇതുതന്നെയാണെന്നു പറഞ്ഞ താരം കുട്ടികൾക്കായി കണ്ണാംതുമ്പീ... എന്ന പാട്ടും പാടി. ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും വിദേശത്തായതിനാൽ അവധിക്കാലത്ത് നാട്ടിലെത്തുമ്പോഴുള്ള ക്യാമ്പുകളിലാണ് തനിക്ക് അതിനൊക്കെ അവസരം ലഭിച്ചതെന്ന് ദർശന. കുട്ടികളോടൊപ്പം സെൽഫിയെടുത്ത ദർശന രാജേന്ദ്രൻ സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികളെ സന്ദർശിച്ചതിനു ശേഷമാണ് മടങ്ങിയത്.ചടങ്ങിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അദ്ധ്യക്ഷനായിരുന്നു. ട്രഷറർ കെ.ജയപാൽ, ക്യാമ്പ് ഡയറക്ടർ എൻ.എസ്. വിനോദ് എന്നിവർ സംസാരിച്ചു. പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുകയാണ് രണ്ടുമാസത്തെ അവധിക്കാല കൂട്ടായ്മയുടെ ലക്ഷ്യം. ഏപ്രിൽ 10 വരെ അഡ്മിഷൻ തുടരുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.