തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ആവേശത്തിനിടയിലും ഉദ്ഘാടനവേദിയിൽ ഊർജ്ജസ്വലനായി ശശിതരൂർ. സെക്രട്ടേറിയറ്റിന് എതിരെയുള്ള പദ്മ കഫേ ഉദ്ഘാടനച്ചടങ്ങ്. കാത്തുനിൽക്കുന്നവർക്കിടയിൽ സൗഹൃദം പങ്കുവച്ചെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് നാലാംവട്ടമാണ് മത്സരമെന്നതിന്റെ ആശങ്കയല്ല,​ പകരം ആത്മവിശ്വാസത്തിന്റെ ചിരി മാത്രം. ചൂടിനെ പ്രതിരോധിക്കാൻ മുഖത്തൊരു സൺഗ്ലാസ് കൂടിയുണ്ട്. സ്ഥലത്ത് എം.എം.ഹസൻ, വി.എസ്.ശിവകുമാർ,എൻ.ശക്തൻ തുടങ്ങി കോൺഗ്രസ് നേതാക്കളുടെ നിര.

ഉദ്ഘാടകനായ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെത്തിയപ്പോഴേക്കും ജനക്കൂട്ടം തിക്കിത്തിരക്കി. തന്നെ അഭിവാദ്യം ചെയ്‌ത ജനറൽ സെക്രട്ടറിക്കൊപ്പം ആദ്യം പദ്മ കഫേയുടെ തൊട്ടടുത്തുള്ള ഗസ്റ്റ് ഹൗസിലേക്ക്. ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരനും മന്ത്രി ജി.ആർ.അനിലും മുൻ സ്‌പീക്കർ എം.വിജയകുമാറും അദ്ദേഹത്തിനൊപ്പം അകത്തേക്ക്. പിന്നീട് മന്ത്രി വി.ശിവൻകുട്ടിയും മുൻമന്ത്രി വി.എസ്.ശിവകുമാറും അവർക്കൊപ്പം ചേർന്നു. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാറിനിന്ന മുറിക്കുള്ളിൽ സൗഹൃദസംഭാഷണങ്ങൾ.

അവിടെനിന്ന് യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ വന്ന കൊച്ചുകുട്ടിക്കൊപ്പം പോസ് ചെയ്‌ത ശേഷം നേരെ പോയത് വഞ്ചിയൂർ ബാർ അസോസിയേഷനിലേക്ക്. വിവരസാങ്കേതിക വിദ്യയെപ്പറ്റിയുള്ള പുസ്‌തകം നൽകിയാണ് അവിടെ അദ്ദേഹത്തെ സ്വീകരിച്ചത്. സൗഹൃദം പുതുക്കി എല്ലാവർക്കുമൊപ്പം ചിത്രമെടുത്തു. ചിലർ നൽകിയ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രസ്‌ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ഓട്ടോക്കൂട്ടത്തിലും അദ്ദേഹം പങ്കെടുത്തു. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഇ.എസ്.ഐ പരിരക്ഷ വേണമെന്ന അവരുടെ ആവശ്യം നേടിക്കൊടുക്കാൻ മുൻകൈയെടുക്കാമെന്ന ഉറപ്പുനൽകി. കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പെൺകുട്ടികളുടെ ജീവൻരക്ഷിച്ച ഓട്ടോ തൊഴിലാളി പ്രിൻസിന് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ മെമന്റോയും പൊന്നാടയും നൽകിയ തരൂർ അടുത്ത പരിപാടി സ്ഥലമായ വൈ.എം.സി.എയിലേക്ക് ഓട്ടോയിലാണ് യാത്ര ചെയ്‌തത്.

തരൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 125 എഴുത്തുകാർ പ്രശസ്‌ത സാഹിത്യകാരൻ ടി.പദ്മനാഭന്റെ നേതൃത്വത്തിൽ അവിടെ ഒത്തുചേർന്നിരുന്നു. പ്രൗഢഗംഭീരമായ വേദിയിലേക്ക് എത്തിയ അദ്ദേഹം എല്ലാവർക്കും അഭിവാദ്യം നൽകി. തരൂരിന്റെ പുസ്‌തകത്തിൽ അദ്ദേഹത്തിന്റെ ഒാട്ടോഗ്രാഫ് താൻ വാങ്ങിയിരുന്നുവെന്ന ഓർമ്മ പുതുക്കിയാണ് ടി.പദ്മനാഭൻ പ്രസംഗം തുടങ്ങിയത്. മൂന്ന് വട്ടമായി തരൂരിനെ വിജയിപ്പിച്ച മണ്ഡലത്തിൽ നാലാം വട്ടവും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ചുരുക്കി. തുടർന്ന് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതകൾ വിവരിച്ച് തരൂരും സംസാരിച്ചു. 125 എഴുത്തുകാരും തങ്ങളുടെ ഓരോ പുസ്‌തകങ്ങൾ അദ്ദേഹത്തിന് സമ്മാനമായി നൽകി.

ഭരണമാറ്റത്തിനും ഭാരതത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും സംരക്ഷിക്കാനുമാണ് ഈ തിരഞ്ഞെടുപ്പ്. പത്തുവർഷം ഭരിച്ചിട്ടും വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരിനെ ഭാരതീയർക്ക് മതിയായി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച സീറ്റുകൾ അവർക്ക് കിട്ടില്ല. ഘടക കക്ഷികളെ കെഞ്ചി തിരിച്ചു കൊണ്ടുവരുന്നതും ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിന്റെ അറസ്റ്റും ഇത്തവണ ബി.ജെ.പിക്കുള്ള ഭയത്തിന്റെ അടയാളമാണ്.

ശശി തരൂർ