നെടുമങ്ങാട്: റെയിൽവേ ഭൂപടത്തിൽ നെടുമങ്ങാട് താലൂക്കിന് ഇടമുണ്ടാകുന്നതും കാത്ത് കഴിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്ന പ്രധാന വികസന വിഷയമായി മാറുകയാണ് മലയോര തീവണ്ടിപ്പാത. തീർത്ഥാടകർക്കും ടൂറിസത്തിനും ചരക്ക് ഗതാഗതത്തിനും പ്രയോജനപ്പെടുന്ന ശബരി പാത എരുമേലിയിൽ നിന്ന് പാലോട് വഴി വിഴിഞ്ഞം പോർട്ടിലേക്ക് ദീർഘിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ശബരി പാത വിഴിഞ്ഞം തുറമുഖത്തിനുള്ള സമാന്തര റെയിൽവേയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജനപ്രതിനിധികളും ജനകീയ സമിതികളും നിവേദനം നൽകിയിട്ടുണ്ട്. മലയോര പാതയുടെ ആവശ്യകത ഉന്നയിച്ച് സിറ്റിംഗ് എം.പി അടൂർ പ്രകാശ് പാർലമെന്റിൽ സബ് മിഷൻ നൽകിയിരുന്നു. നെടുമങ്ങാട് എം.എൽ.എയും മന്ത്രിയുമായ ജി.ആർ.അനിലും മന്ത്രി വി.ശിവൻകുട്ടിയും കേന്ദ്ര റെയിൽ മന്ത്രിയെയും ബോർഡ് ചെയർമാനെയും സന്ദർശിച്ച് നിവേദനവും നൽകി. സാദ്ധ്യതാപഠനം നടക്കുന്നുവെന്നാണ് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന മറുപടി. ശബരിപാത തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹിൽ ഇന്റഗ്രെറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ജനറൽ സെക്രട്ടറി അജി.ബി.റാന്നിയുടെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതീക്ഷയോടെ...
തുറമുഖ കണക്റ്റിവിറ്റിക്ക് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച റെയിൽ ഇടനാഴിയിൽ (റെയിൽ സാഗർ) ഉൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തേക്കുള്ള സമാന്തര റെയിൽ പാതയായി അങ്കമാലി- ശബരി ലൈൻ വികസിപ്പിക്കാവുന്നതേയുള്ളൂ എന്നാണ് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ശബരി റെയിലിനായി 264 കോടി ഇതുവരെ ചെലവിട്ടുകഴിഞ്ഞു. 100 കോടി ഒടുവിലത്തെ കേന്ദ്ര ബഡ്ജറ്റിലും ഉൾപ്പെടുത്തി. ശബരിക്ക് പകരം ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എലവേറ്റഡ് പാത നിർമ്മിക്കാനുള്ള ആലോചന കേന്ദ്രം തള്ളിക്കളഞ്ഞതും മലയോര വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.
മലയോരത്തിന്റെ മുഖച്ഛായ മാറും
മലയോര റെയിൽപ്പാത എന്ന ആവശ്യത്തിന് അര നൂറ്റാണ്ടത്തെ പഴക്കമുണ്ട്. ഇതിനിടെ, പലതവണ സാദ്ധ്യതാപഠനങ്ങൾ നടത്തുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിട്ടുണ്ട്.ഏഷ്യയിലെ ഏറ്റവും വലിയ ജൈവ വൈവിദ്ധ്യ കലവറയായ പാലോട് ജവഹർലാൽ നെഹ്റു ദേശീയ സസ്യോദ്യാനവും ഗവേഷണ കേന്ദ്രവും (ജെ.എൻ.ടി.ബി.ജി ആർ.ഐ) വലിയമല ഐ.ഐ.എസ്.ടി ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എൽ.വി റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഉൾപ്പെടെ അന്തർദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ മലയോരത്ത് സ്ഥിതി ചെയ്യുന്നുണ്ട്. റെയിൽപ്പാത വന്നാൽ ഗവേഷകർക്കും ടൂറിസ്റ്റുകൾക്കും ഏറെ ഉപകാരപ്രദമാകും.