തിരുവനന്തപുരം: നവീകരണ പ്രവർത്തനം നടക്കുന്ന ആൽത്തറ - തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ റോഡ് തുറന്നു നൽകി. ആദ്യ ഘട്ട ടാറിംഗ് പൂർത്തിയാക്കിയ ഭാഗമാണ് ഗതാഗതത്തിന് തുറന്നു നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും മാനവീയം തെരുവിടം ലൈബ്രറി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഇതുവഴി രണ്ടുവരി ഗതാഗതം ആരംഭിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരണം നടക്കുന്ന പ്രധാന റോഡാണ് ആൽത്തറ - തൈക്കാട് റോഡ്. ഈ റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെയും ആനിമസ്ക്രീൻ സ്ക്വയർ മുതൽ വിമൻസ് കോളേജ് വരെയും വലതു ഭാഗത്ത് 7 മീറ്റർ വീതിയിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി. റോഡിന്റെ മറ്റു ഭാഗങ്ങളിൽ ഡക്ടുകൾ നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കേബിളുകൾ ഡക്ടിലൂടെ കടത്തിവിട്ട ശേഷം റോഡ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി റോഡുകൾ തുറന്നു നൽകാനാണ് തീരുമാനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് പ്രവൃത്തികൾ പുനരാരംഭിച്ചത്. 2 റോഡുകൾ പൂർണമായും സ്മാർട്ടാക്കി. 4 റോഡുകളിലൂടെ ആദ്യ ഘട്ട നവീകരിച്ച് ഗതാഗതയോഗ്യമാക്കി. ഒരു റോഡ് ഭാഗികമായി തുറന്നു നൽകി.