photo

നെടുമങ്ങാട് : പത്രിക സമർപ്പണം പൂർത്തിയായതോടെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.മത്സരം എൽ.ഡി.എഫുമായി നേരിട്ടെന്ന് അടൂർ പ്രകാശും ഇരട്ട വോട്ട് ആരോപണം തോൽവി ഭയന്നെന്ന് വി.ജോയിയും മോദിയുടെ വികസന ഭാരത സങ്കൽപ്പത്തിൽ ആറ്റിങ്ങൽ പുതുചരിത്രം രചിക്കുമെന്ന് വി.മുരളീധരനും പ്രഖ്യാപിച്ചു.വോട്ടർപട്ടിക ഇരട്ടിപ്പ് വിവാദവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന ഓഡിയോ സന്ദേശവും പുകയുന്ന കളരിയിലായിരുന്നു ഇന്നലെ മൂവരുടെയും പ്രചാരണം. കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയ അടൂർ പ്രകാശിന് വിജയാശംസകൾ നേർന്ന് വനിതാ പ്രവർത്തകരടക്കം എത്തിയിരുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള, കൺവീനർ വർക്കല കഹാർ, വിതുര ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു. പത്രിക നൽകി നേരെ ചിറയിൻകീഴ് മണ്ഡലത്തിലെ മേനംകുളം ജംഗ്ഷനിലേക്ക്. കൊന്നപ്പൂക്കളുമായി വിദ്യാർത്ഥികൾ അടക്കമുള്ളവർ വഴിയിൽ കാത്തു നിന്നിരുന്നു. കിൻഫ്ര അപ്പാരൽ പാർക്കിലെ വിവിധ കമ്പനികൾ സന്ദർശിച്ച് ജീവനക്കാരോട് വോട്ടുതേടി. ഇന്ന് കെ.ടി.സി.ടി ഹോസ്പിറ്റൽ,ആറ്റിങ്ങൽ ബാർ അസോസിയേഷൻ, മാമം, അവനവഞ്ചേരി,ഗ്രാമം, നാലുമുക്ക് എന്നിവിടങ്ങളിലാണ് സന്ദർശനം. ലത്തീൻ അതിരൂപതയുടെ രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിക്കുന്ന മുഖാമുഖത്തിലും പങ്കെടുക്കും.വി.ജോയി കാട്ടാക്കട മണ്ഡലത്തിലെ നൂറോളം കേന്ദ്രങ്ങൾ സന്ദർശിച്ച് സ്വീകരണം ഏറ്റുവാങ്ങി. രാവിലെ കൊറ്റംപള്ളിയിൽ ആരംഭിച്ച പര്യടനം അമ്മാന്നൂർക്കോണത്ത് ഉച്ചവിശ്രമം കഴിഞ്ഞ് രാത്രി നടുക്കാട് സമാപിച്ചു.എം.എൽ.എമാരായ ഐ.ബി.സതീഷും ജി.സ്റ്റീഫനും മുതിർന്ന ഇടതു നേതാക്കളും അനുഗമിച്ചു.സ്വീകരണ പര്യടനം ഇന്ന് തുടരും.'ആറ്റിങ്ങലിന്റെ പുരോഗതി- മോദിയുടെ ഗ്യാരന്റി" എന്ന തലക്കെട്ടിൽ തയാറാക്കിയ വികസന രേഖയുടെ കരട് പ്രകാശനമായിരുന്നു വി.മുരളീധരൻ പങ്കെടുത്ത പ്രധാന പരിപാടി.ആദ്യഘട്ട മണ്ഡലം പര്യടനത്തിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിൽ ജനങ്ങളുമായി നേരിട്ട് സംസാരിച്ചാണ് കരട് തയാറാക്കിയതെന്നും കൂടുതൽ പൊതുജനാഭിപ്രായം ഉൾപ്പെടുത്തി അന്തിമരേഖ പ്രസിദ്ധീകരിക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി എൻ.എസ്.എസ് ആരംഭിച്ച പത്മ കഫേയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് വനിത വോട്ടർമാരോട് പിന്തുണ തേടി.സ്വീകരണ പര്യടനത്തിന് ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ പേയാട് ജംഗ്ഷനിൽ തുടക്കമാവും.കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഉദ്ഘാടനം ചെയ്യും.