വിതുര: വേനൽ കടുത്തതോടെ സൂര്യന്റെ ചൂടേറ്റ് മലയോരത്തെ കൃഷികളെല്ലാം ഉണങ്ങി. വാഴ, പച്ചക്കറി കൃഷികളാണ് പ്രധാനമായും നിലംപൊത്തിയത്. ചൂട് കൂടുന്നതിനനുസരിച്ച് ആവശ്യത്തിന് വെള്ളം കിട്ടാത്തതും കൃഷി നശിക്കാൻ കാരണമാകുന്നു. കഠിനമായ ചൂടും ജലക്ഷാമവും കാർഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ആദ്യമായാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്നാണ് ഗ്രാമീണമേഖലയിലെ കർഷകർ പറയുന്നത്. കടുത്ത ചൂടുമൂലം വനമേഖലകളും വരണ്ടുണങ്ങി. മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും കൃഷിഭവന്റെ സഹായത്തോടെ വിഷു വിപണി ലക്ഷ്യമിട്ട് വ്യാപകമായി കൃഷികൾ നടത്തിയിരുന്നു. തൊളിക്കോട്, വിതുര പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. തരിശുഭൂമി പാട്ടത്തിനെടുത്തും ലോണെടുത്തും മറ്റുമാണ് ഏക്കർകണക്കിന് ഭൂമിയിൽ കൃഷി നടത്തിയിരുന്നത്.

 

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വേണ്ടത്ര മഴ പെയ്യുകയും കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി പാടേ മാറി. മികച്ച വിളവ് സ്വപ്നം കണ്ട് കൃഷിയിറക്കിയിരുന്ന കർഷകർക്ക് കാലാവസ്ഥയിലെ വ്യതിയാനം മൂലം പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഡിസംമ്പർ മുതൽ മഴയില്ലാത്തത് കർഷകർക്ക് വൻ തിരിച്ചടിയായി മാറുകയായിരുന്നു.

 താളം തെറ്റി ക്ഷീരകർഷകർ

ചൂടും ജലക്ഷാമവും കന്നുകാലിക്കർഷകർക്ക് തിരിച്ചടിയായി മാറിക്കഴിഞ്ഞു. പാലിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതോടെ ക്ഷീര സഹകരണസംഘങ്ങളുടെ പ്രവർത്തനവും താളം തെറ്റി. സൂര്യാഘാതമേറ്റ് കന്നുകാലികൾ തളർന്നു വീണ സംഭവവുമുണ്ടായി. ജലക്ഷാമം മൂലം ജനം നട്ടംതിരിയുകയാണ്. നദികളിലെ വെള്ളമാണ് കന്നുകാലികളെ കുളിപ്പിക്കുന്നതിനും ക‌ൃഷികൾ നനയ്ക്കുന്നതിനുമായി ഉപയോഗിച്ചിരുന്നത്. എന്നാൽ നദികളിലെ നീരൊഴുക്ക് കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായി. ഇടയ്ക്കിടക്ക് നേരിയ തോതിൽ വേനൽമഴ പെയ്തെങ്കിലും നദികളിൽ ജലനിരപ്പ് ഉയർന്നില്ല.

നീരുറവകളും വറ്റി

വേനൽക്കാലത്ത് ജനത്തിന് ഏറെ ആശ്രയമായിരുന്ന വാമനപുരം നദിയുടെ മിക്ക ഭാഗവും നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. നീരുറവകളും, നീർച്ചാലുകളും ഇതിനകം അപ്രത്യക്ഷമായി ക്കഴിഞ്ഞു. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല. ഈ സ്ഥിതി തുടർന്നാൽ പമ്പ് ഹൗസുകളുടെ പ്രവർത്തനം താളം തെറ്റുകയും കുടിവെള്ള വിതരണം തടസപ്പെടാനും സാദ്ധ്യതയുണ്ട്. മേടമാസം പിറക്കുന്നതോടെ കാലാവസ്ഥയിൽ മാറ്റം വരുമെന്ന പ്രതീഷയിലാണ് കർഷകർ. അതേസമയം മഴയ്ക്കായി ജനം കാത്തിരിക്കേണ്ട അവസ്ഥയാണ്.