വിതുര: കടുത്ത വേനിന് അല്പം ശമനമായി വേനൽമഴ പെയ്തതോടെ ഇരട്ടി പ്രഹരമായി വൈദ്യുതി മുടക്കവും. തൊളിക്കോട്, വിതുര പഞ്ചായത്തുകളിലാണ് വൈദ്യുതിതടസം പതിവാകുന്നത്. മലയോരമേഖലയിൽ ഒരാഴ്ചയായി ഉച്ചതിരിഞ്ഞ് നേരിയ തോതിൽ വേനൽമഴ പെയ്യുന്നുണ്ട്. മഴയ്ക്ക് പുറമേ കാറ്റും ഇടിമിന്നലും കൂടി വന്നതോടെ വൈദ്യുതി തടസവും രൂക്ഷമാകുന്നുണ്ട്. മാനത്ത് മഴക്കാറ് കണ്ടാൽ വൈദ്യുതിമുടങ്ങുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. ഈ അവസ്ഥ തുടങ്ങിയിട്ട് കാലങ്ങളായി. മാനം കറുത്താൽ മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കും. വേനൽമഴ അനുഗ്രഹമാണെങ്കിലും വൈദ്യുതിമുടക്കം ജനത്തിനെ പ്രതികൂലമായ ബാധിച്ചിട്ടുണ്ട്. വേനൽമഴ ഇടവിട്ട് പെയ്യാറിണ്ടെങ്കിലും ചൂടിന് യാതോരു ശമനവുമില്ലെന്ന സാഹചര്യത്തിലാണ് വൈദ്യുതി മുടക്കവും രൂക്ഷമാകുന്നത്. വേനൽമഴക്കൊപ്പമുള്ള കാറ്റും ഇടിമിന്നലും കാരണം പകലും രാത്രിയിലുമായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. വിതുര പഞ്ചായത്തിലാണ് കൂടുതൽസമയം വൈദ്യുതിവിതരണം നിലക്കുന്നത്. അറ്റകുറ്റപണികളുടെ പേരിലും വൈദ്യുതി നിലയ്ക്കുന്നുണ്ട്.

പ്രധാന പ്രശ്നം

പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിൽ

 പരാതി നൽകിയിട്ടും

വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. വൈദ്യുതി വിതരണം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. പൊതുവെ മഴക്കാലമായാൽ വിതുര, പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ തൊളിക്കോട് മേഖലകളിൽ വൈദ്യുതി തോന്നുംപടിയാണ്. ഇതുസംബന്ധിച്ച് അനവധിതവണ വൈദ്യുതി വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്. പേപ്പാറയിൽ പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. വേനൽ മഴയായതോടെ വൈദ്യുതി ജീവനക്കാർക്ക് ജോലിഭാരവും വർദ്ധിച്ചിട്ടുണ്ട്.

വൈദ്യുതിവകുപ്പിനും നഷ്ടം

വിതുര, തൊളിക്കോട് ഇലക്ട്രിക്സിറ്റി ഓഫീസുകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ലൈനുകൾക്ക് മീതെയുള്ള മരശിഖരങ്ങൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും മഴയും കാറ്റും വന്നാൽ ലൈനുകൾക്ക് മീതെ വീണ്ടും ശിഖരങ്ങൾ വീഴും. പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലയിൽ കൂടി കടന്നുപോകുന്ന ലൈനുകളിൽ ശിഖരങ്ങൾ വീണും ഉരസിയും ട്രിപ്പാകുന്നത് പതിവാണെന്ന് വൈദ്യുതി വകുപ്പ് മേധാവികൾ പറയുന്നു. ഇത്തരത്തിൽ

പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും വീഴുന്നതുമൂലം വൈദ്യുതിവകുപ്പിനും കനത്ത നഷ്ടമുണ്ട്.വൈദ്യുതി മുടങ്ങിയാൽ കാറ്റും മഴയും ഇടിമിന്നലും വകവയ്ക്കാതെ മണിക്കൂറുകളോളം ജീവൻ പണയംവച്ചാണ് ജീവനക്കാർ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതെന്നാണ് വൈദ്യുതിവകുപ്പ് മേധാവികൾ പറയുന്നത്.

കൃഷിനശിച്ചു

കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിലും കാറ്റിലും കനത്തനാശനഷ്ടമുണ്ടായി. തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലായി നൂറുകണക്കിന് വാഴകൾ ഒടിഞ്ഞുവീണു. ബാങ്ക് ലോണെടുത്തും മറ്റും നടത്തിയിരുന്ന വാഴകൃഷിയാണ് കൂടുതലും നശിച്ചത്. പച്ചക്കറികൃഷിയും നശിച്ചു.റബർമരങ്ങളും ഒടിഞ്ഞും,കടപുഴകിയും വീണു.കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.