photo

പാലോട്: പരിശോധനകൾ കർശനമാക്കിയതോടെയാണ് മലയോരത്തെ ഗ്രാമീണ മേഖലകളിൽ മാലിന്യനിക്ഷേപത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻകഴിഞ്ഞത്. എന്നാൽ,​ പരിശോധനകളിൽ ഇളവ് വന്നതോടെ രാത്രികാലങ്ങളിലെ മാലിന്യംതള്ളൽ വീണ്ടും ശക്തമായി. ആളൊഴിഞ്ഞ പ്രദേശവും വഴിവിളക്കില്ലാത്ത പുൽമേടുകളും വീണ്ടും അറവ്- ഹോട്ടൽ മാലിന്യങ്ങൾകൊണ്ട് നിറഞ്ഞുകഴിഞ്ഞു. ജനവാസ മേഖലകളെല്ലാം ചീഞ്ഞുനാറാൻ തുടങ്ങിയിട്ട് നാളുകളായി. ഈ പ്രദേശത്ത് വഴി നടക്കണമെങ്കിൽ മൂക്കുപൊത്തണം. പാണ്ഡ്യൻപാറ മുതൽ സുമതി വളവുവരെ അർദ്ധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഇറച്ചി വേസ്റ്റുകൾ റോഡിലേക്കാണ് വലിച്ചെറിയുന്നത്. പാലോട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ പ്രദേശത്തുൾപ്പെടെ മാലിന്യം കുന്നുകൂടുകയാണ്. പാണ്ഡ്യൻപാറ നിവാസികൾക്ക് ദുർഗന്ധംകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.

 പിഴയിലൊതുങ്ങില്ല...

നിരവധി തവണ മാലിന്യം തള്ളാനെത്തിയവരെയും ഇവരുടെ വാഹനത്തേയും പിടിച്ചെടുത്ത് പിഴ ചുമത്തി വിട്ടയയ്ക്കുകയാണ് പതിവ്. വെറും പിഴ മാത്രമായതിനാൽ പിന്നെയും ഈ വളവുകളും ഇരുട്ടും തേടി മാലിന്യവുമായി ഇവരെത്തുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിലെ വലിയ താന്നിമൂടിന് സമീപം മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

 രോഗഭീതിയും

മഴ പെയ്തു തുടങ്ങിയതോടെ മാർക്കറ്റുകളിലേയും ഹോട്ടലുകളിലേയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നത് പ്രദേശത്തെ ജനജീവിതം ദുസഹമാക്കുന്നു. നന്ദിയോട്ട് കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. കള്ളിപ്പാറ, തോട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന കൈത്തോടുകളിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ തുറന്നു വിടുന്നുണ്ട്. ഇത് തുടർന്നാൽ പകർച്ചവ്യാധികൾ പിടിപെടുമെന്നത് ഉറപ്പാണ്.

തെരുവ് കൈയടക്കി നായ്ക്കൂട്ടം

നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം വർദ്ധിക്കുന്നു. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിൽ യാത്രക്കാർക്ക് വഴിനടക്കാൻ കഴിയാത്ത തരത്തിൽ നായ്ക്കൂട്ടം പെരുകിക്കഴിഞ്ഞു.

കാട്ടുമൃഗങ്ങളും

മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണവും പതിവാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. വഴിയരികിൽ തള്ളുന്ന മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും.